തിരുവല്ല: സി.പി.എം. പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ബി. സന്ദീപ് കുമാറിനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് പ്രതികളുമായി തെളിവെടുപ്പ് നടത്തി. ചൊവ്വാഴ്ച ഉച്ചയോടെയാണ് കൊലപാതകം നടന്ന നെടുമ്പ്രം കണ്ണങ്കരിയിൽ പോലീസ് പ്രതികളുമായി തെളിവെടുപ്പിനെത്തിയത്. എന്നാൽ നാട്ടുകാരുടെയും പാർട്ടി പ്രവർത്തകരുടെയും കടുത്ത രോഷപ്രകടനത്തെ തുടർന്ന് മിനിറ്റുകൾ മാത്രമാണ് തെളിവെടുപ്പ് നീണ്ടുനിന്നത്.

സ്ഥിതി വഷളാകുമെന്ന് കണ്ട് നടപടിക്രമങ്ങൾ വേഗത്തിൽ പൂർത്തിയാക്കി പ്രതികളുമായി പോലീസ് മടങ്ങുകയും ചെയ്തു. പ്രതികളെ എത്തിക്കുന്നതറിഞ്ഞ് നിരവധിപേരാണ് സന്ദീപിന്റെ വീടിനടുത്ത സ്ഥലത്ത് തടിച്ചുകൂടിയിരുന്നത്. പ്രതികളെ എത്തിച്ചതോടെ സ്ത്രീകളടക്കമുള്ളവരുടെ പ്രതിഷേധം അണപൊട്ടി. നാട്ടുകാർ പ്രതികളെ ചീത്തവിളിക്കുകയും ആക്രോശിക്കുകയും ചെയ്തു. പോലീസ് വാഹനം തടഞ്ഞുനിർത്തി, പ്രതികളെ ഇറക്കിവിടണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് ഏറെ പണിപ്പെട്ടാണ് പോലീസ് നാട്ടുകാരെ നിയന്ത്രിച്ചത്. അതേസമയം, കൊലപാതകത്തിന് കാരണം ഒന്നാംപ്രതി ജിഷ്ണുവിന് സന്ദീപിനോടുള്ള വ്യക്തിവൈരാഗ്യമാണെന്ന പോലീസ് കണ്ടെത്തലിനെതിരേയും നാട്ടുകാർ രംഗത്തെത്തി.
സന്ദീപിനോട് ഇവിടെ ആർക്കെങ്കിലും വ്യക്തിവൈരാഗ്യമുണ്ടോ എന്ന് ആരോടെങ്കിലും ചോദിച്ചുനോക്കു, ഇവിടെ ആർക്കും സന്ദീപിനോട് വ്യക്തിവൈരാഗ്യമില്ല. സന്ദീപുമായി പ്രശ്നമുണ്ടെങ്കിൽ അത് രാഷ്ട്രീയവൈരാഗ്യം തന്നെയാണ്. ഏത് അന്വേഷണത്തിലാണ് വ്യക്തിവൈരാഗ്യമാണെന്ന് കണ്ടെത്തിയത്- നാട്ടുകാർ ചോദിച്ചു. പാർട്ടിക്കാർ വെറും മണ്ടന്മാരല്ല, നിങ്ങളെല്ലാം സമാധാനമായി ഇരിക്കണമെന്ന് കോടിയേരി സഖാവ് വന്ന് എന്നോട് പറഞ്ഞു. കോടിയേരി സഖാവ് പറഞ്ഞിട്ടാ… അല്ലെങ്കിലുണ്ടല്ലോ ഞങ്ങളുടെ പിള്ളേരൊന്നും മോശക്കാരല്ല- ഇങ്ങനെയായിരുന്നു മറ്റൊരാളുടെ പ്രതികരണം. പോലീസ് ചൊവ്വാഴ്ച നടത്തിയ തെളിവെടുപ്പ് അംഗീകരിക്കാൻ കഴിയില്ലെന്നും നാട്ടുകാർ പറഞ്ഞു. ഏതാനും സെക്കന്റുകൾ മാത്രമാണ് പ്രതികളെ ഇവിടെ നിർത്തിയത്. ഇത് ജനങ്ങളുടെ കണ്ണിൽപൊടിയിടാനുള്ള പോലീസിന്റെ നീക്കമാണെന്നും തെളിവെടുപ്പ് അംഗീകരിക്കാൻ കഴിയില്ലെന്നുമായിരുന്നു സ്ത്രീകളടക്കമുള്ള നാട്ടുകാരുടെ പ്രതികരണം.

