Politics

രവീന്ദ്രൻ പട്ടയത്തിന്റെ പേരും പറഞ്ഞ് പാർട്ടി ആഫീസുകൾ തൊടാൻ ആരെയും അനുവദിക്കില്ല:എം എം മണി

ഇടുക്കി :രവീന്ദ്രൻ പട്ടയം റദ്ദാക്കാനുള്ള നടപടിക്കെതിരെ ആഞ്ഞടിച്ച് മുൻ മന്ത്രിയും മുതിർന്ന സി പി എം നേതാവുമായ എം എം മണി. പട്ടയം നല്‍കിയത് ഇടത് സര്‍ക്കാര്‍ തന്നെയാണ്. എം എല്‍ എ അധ്യക്ഷനായ കമ്മിറ്റിയാണ് പട്ടയത്തിന് അനുമതി നല്‍കിയത്. പാര്‍ട്ടി ഓഫീസുകള്‍ തൊടാന്‍ ആരെയും അനുവദിക്കില്ലെന്നും എം എം മണി പറഞ്ഞു. ഇതോടെ സംസ്ഥാനം ഏറെ ചർച്ച ചെയ്ത മൂന്നാർ കയ്യേറ്റമൊഴിപ്പിക്കലിനു ശേഷം രവീന്ദ്രൻ പട്ടയം ഒരിക്കൽ കൂടി ചർച്ചയാവുകയാണ്. 45 ദിവസത്തിനുള്ളിൽ രവീന്ദ്രൻ പട്ടയങ്ങൾ പരിശോധിച്ച് നിയമാനുസൃതമല്ലാത്തവ റദ്ദ് ചെയ്യാനാണ് റവന്യൂ വകുപ്പിന്‍റെ നിർദേശം.

1999ൽ ലാന്‍ഡ് അസൈൻമെന്‍റ് കമ്മിറ്റി ശിപാർശ പ്രകാരമെന്ന പേരിൽ ദേവികുളം താലൂക്കിലെ ഒമ്പത് വില്ലേജുകളിലായി 530 പട്ടയങ്ങളാണ് അന്നത്തെ അഡീഷണൽ തഹസിൽദാരായിരുന്ന എം.ഐ രവീന്ദ്രൻ നൽകിയത്. പട്ടയം നൽകാൻ കളക്ടർക്ക് അധികാരമുള്ള കെ.ഡി.എച്ച് വില്ലേജിൽ മാത്രം 127 പട്ടയങ്ങൾ വിതരണം ചെയ്തു. 4251 ഹെക്ടർ സ്ഥലമാണ് ഇത്തരത്തിൽ വിതരണം ചെയ്തത്. കളക്ടറായിരുന്ന വി.ആർ പത്മനാഭൻ പട്ടയം നൽകാൻ ചുമതലപ്പെടുത്തിയെന്നായിരുന്നു രവീന്ദ്രന്‍റെ അവകാശവാദം.

ലാൻറ് അസൈന്‍മെന്‍റ് കമ്മിറ്റി ശിപാർശയിൽ വെള്ളം ചേർത്തെന്ന പരാതി വ്യാപകമായതോടെയാണ് രവീന്ദ്രൻ പട്ടയങ്ങൾക്ക് നിയമസാധുതയില്ലെന്ന വിലയിരുത്തലുണ്ടായത്. പാർട്ടി ഓഫീസുകൾ രവീന്ദ്രൻ പട്ടയഭൂമിയിലാണെന്നതിനാൽ വിഷയം സി.പി.എമ്മിനെയടക്കം പ്രതിക്കൂട്ടിലാക്കി. ഭൂമി കയ്യേറ്റം വ്യാപകമാണെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ 2007ൽ മുഖ്യമന്ത്രിയായിരുന്ന വി.എസ് അച്യുതാനന്ദൻ മൂന്നാർ ദൗത്യസംഘത്തെ നിയോഗിച്ചതോടെയാണ് രവീന്ദ്രൻ പട്ടയ വിവാദത്തിന് മൂർച്ച കൂടിയത്.

 

പട്ടയങ്ങളിൽ ഏറിയ പങ്കും അഞ്ചും പത്തും സെന്‍റുള്ള ചെറുകിടക്കാരാണെന്ന മറുവാദവുമുയർന്നു. ഇത്തരം ഭൂമിയിൽ ബഹുനില കെട്ടിടങ്ങളുയർന്നാൽ മുഖംതിരിച്ചു നിൽക്കില്ലെന്ന നിലപാട് ദൗത്യസംഘവും സ്വീകരിച്ചതോടെ മൂന്നാർ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലെ ഏതാനും ഹോം സ്റ്റേകളും റിസോർട്ടുകളും പൊളിക്കേണ്ട സാഹചര്യത്തിലെത്തി. എന്നാൽ സർക്കാർ നൽകിയ പട്ടയം സാങ്കേതികത്വത്തിന്‍റെ പേരിൽ നിഷേധിക്കരുതെന്ന വാദവുമായി ഭൂവുടമകൾ കോടതിയെ സമീപിച്ചതോടെ വിഷയം താൽക്കാലികമായി കെട്ടടങ്ങുകയായിരുന്നു.

 

രവീന്ദ്രൻ പട്ടയമെന്ന പേരിൽ ദേവികുളം താലൂക്കിൽ വ്യാജപട്ടയങ്ങൾ വിതരണം ചെയ്തതായി പിന്നീട് വിജിലൻസ് കണ്ടെത്തുകയും ചെയ്തു. നാളുകൾക്കിപ്പുറം വീണ്ടും വിഷയം ചർച്ചയാകുമ്പോൾ 530 പട്ടയങ്ങളും പരിശോധിച്ച് നിയമാനുസൃതമല്ലാത്തവ റദ്ദ് ചെയ്യാനാണ് ജില്ലാ കളക്ടർക്ക് റവന്യൂ വകുപ്പ് നൽകിയിരിക്കുന്ന നിർദേശം. വിഷയം വീണ്ടും സങ്കീർണമാകുമെന്ന് വ്യക്തം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top