ഇടുക്കി: ഇടുക്കി മൂന്നാറില്‍ വീണ്ടും തെരുവുനായ ആക്രമണം. ദേവികുളത്ത് സര്‍ക്കാര്‍ സ്‌കൂളിലെ അഞ്ചു വിദ്യാര്‍ത്ഥികള്‍ക്ക് തെരുവ് നായയുടെ ആക്രമണത്തില്‍ പരിക്കേറ്റു.

ഇന്ന് രാവിലെ സ്‌കൂളിലേക്ക് പോകുമ്പോഴാണ് കുട്ടികള്‍ക്ക് നേരെ തെരുവ് നായ ആക്രമണം ഉണ്ടായത്. ഇന്നലെ വൈകുന്നേരം ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയായ മഹേന്ദ്രന് കടിയേറ്റിരുന്നു. പരിക്കേറ്റവരെ അടിമാലി താലുക്ക് ആശുപത്രിയിലേക്ക് മാറ്റി.

സംസ്ഥാനത്ത് തെരുവുനായയുടെ കടിയേല്‍ക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താതെ സര്‍ക്കാര്‍. പുതിയ എബിസി കേന്ദ്രങ്ങള്‍ സ്ഥാപിക്കും എന്ന വാക്ക് പാഴായെന്ന ആക്ഷേപം ശക്തമാണ്. നിലവില്‍ എബിസി കേന്ദ്രങ്ങള്‍ തുറക്കുന്നതിന് 2023 ലെ കേന്ദ്ര ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ചട്ടങ്ങള്‍ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ തടസ്സമാകുന്നു എന്നാണ് തദ്ദേശസ്വയംഭരണ വകുപ്പ് പറയുന്നത്. തദ്ദേശ- മൃഗസംരക്ഷണ വകുപ്പ് എകോപിപ്പിച്ച് എബിസി കേന്ദ്രങ്ങള്‍ നടപ്പാക്കാന്‍ ആയിരുന്നു പദ്ധതി.

