തിരുവനന്തപുരം: അയ്യങ്കാളിയുടെ 84-ാം ചരമവാര്‍ഷിക ദിനാചരണത്തില്‍ തലപ്പാവ് അണിയിക്കാനുള്ള സംഘാടകരുടെ ശ്രമം ബഹുമാനപൂർവ്വം നിരസിച്ച് വേടൻ. അങ്ങനെ ചെയ്യരുതെന്ന് സംഘാടകരോട് പറഞ്ഞ് വേടന്‍ തലപ്പാവ് അണിയിക്കുന്നത് തടയുകയും കയ്യില്‍ വാങ്ങുകയുമായിരുന്നു. സംഘാടകര്‍ പ്രതീകാത്മകമായി വേടന് വാളും സമ്മാനിച്ചിരുന്നു.

പരിപാടിക്കിടയിൽ പ്രസംഗിക്കവെ അയ്യങ്കാളി അടക്കമുള്ളവർ തുറന്നിട്ട വഴിയിലൂടെയാണ് താൻ സഞ്ചരിക്കുന്നതെന്ന് വേടൻ പറഞ്ഞു. ആ വഴിയിൽ സഞ്ചരിക്കാൻ ബുദ്ധിമുട്ടുകൾ നേരിടുന്നു. എന്നാലും ധൈര്യപൂർവ്വം നടക്കുമെന്നും വേടൻ പറഞ്ഞു. അയ്യങ്കാളിയും അംബേദ്കറും ഒക്കെ ഒരു ജാതിയുടെ മാത്രം ആളായി മാറുകയാണ്. ആ പ്രവണത മാറണം. ഇത്തരം പരിപാടികൾ ബഹുജന പങ്കാളിത്തത്തോടെ നടത്തണം.

പട്ടികജാതിക്കാർ അടക്കമുള്ളവർ ഇപ്പോഴും സനാതനത്തിന്റെ അടിമകളാണെന്നും വേടൻ കൂട്ടിച്ചേർത്തു. അയ്യങ്കാളിയെ താൻ മഹാത്മാവെന്ന് വിളിക്കില്ലെന്നും മഹാവീരനാണ് അദ്ദേഹമെന്നും വേടൻ പറഞ്ഞു.

