India

ലോക്‌സഭാ തെരെഞ്ഞെടുപ്പ് പടിവാതുക്കൽ;ഗ്രൂപ്പുകളിയുമായി കോൺഗ്രസ് പിന്നെയും പിന്നോട്ട്

എം കെ രാഘവനും കെ മുരളീധരനും എതിരായ കെപിസിസിയുടെ അച്ചടക്ക നടപടിയില്‍ പരാതിയുമായി കോണ്‍ഗ്രസ് എംപിമാര്‍. പാര്‍ട്ടിയിലെ ഏഴ് എംപിമാരാണ് പരാതിയുമായി മുന്നോട്ടുവന്നിരിക്കുന്നത്. ഡല്‍ഹിയില്‍ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെ കണ്ടാണ് പരാതി നല്‍കിയത്. എം കെ രാഘവനും, കെ മുരളീധരനുമടക്കം കെ സി വേണുഗോപാലിനെ കണ്ട സംഘത്തില്‍ ഉണ്ടായിരുന്നു.കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ച സംഭവത്തിലാണ് പരാതി.

സുധാകരന്‍ നോട്ടീസ് അയച്ചത് ഇല്ലാത്ത അധികാരം ഉപയോഗിച്ചാണെന്നും എംപിമാര്‍ കുറ്റപ്പെടുത്തി. കേരളത്തിലെ സംഘടന സംവിധാനം കുത്തഴിഞ്ഞുവെന്നും എംപിമാര്‍ ആരോപണം ഉന്നയിച്ചു. ഏകപക്ഷീയമായ പാര്‍ട്ടി പുന:സംഘടന നിര്‍ത്തിവയ്ക്കണമെന്നും എംപിമാര്‍ അഭിപ്രായപ്പെട്ടു.എം കെ രാഘവനും കെ മുരളീധരനും എതിരായ അച്ചടക്ക നടപടിയില്‍ കെപിസിസി നീക്കം തള്ളി രമേശ് ചെന്നിത്തലയും എം എം ഹസ്സനും രംഗത്തെത്തിയിരുന്നു. രണ്ട് പേരും എം പിമാരാണെന്നും ഐക്യത്തോടെ പോകേണ്ട സമയമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കെ മുരളീധരന്‍ ഇനിയും മത്സരിക്കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. മാനദണ്ഡം പാലിച്ചല്ല നടപടിയെന്ന് എം എം ഹസനും പ്രതികരിച്ചു.

വിമര്‍ശനങ്ങള്‍ പാര്‍ട്ടി വേദിയിലല്ലാതെ പരസ്യമായി പ്രതികരിച്ചുവെന്നാണ് എം കെ രാഘവനും കെ മുരളീധരനുമെതിരായ വിമര്‍ശനം. ‘താന്‍ പ്രസിഡന്റ് ആയിരിക്കെ മുരളി വിരുദ്ധ അഭിപ്രായം പറഞ്ഞിട്ടുണ്ട്. അന്ന് നേരിട്ട് വിളിച്ച് കാര്യം ബോധ്യപ്പെടുത്തി തിരുത്തിച്ചു. അതായിരുന്നു ചെയ്യേണ്ടീരുന്നത്’, ഹസന്‍ അഭിപ്രായപ്പെട്ടു. എഐസിസി അംഗങ്ങളില്‍ നിന്ന് കെപിസിസി വിശദീകരണം തേടാറില്ലെന്നും ചെന്നിത്തല പറഞ്ഞിരുന്നു.കെ മുരളീധരനെയും എം കെ രാഘവനെയും പിന്തുണച്ച് എ, ഐ ഗ്രൂപ്പുകളും മുന്നോട്ടുവന്നിരുന്നു. അച്ചടക്ക നടപടി ഉചിതമല്ലെന്നാണ് ഗ്രൂപ്പ് നേതൃത്വം പ്രതികരിച്ചത്. വിഷയത്തില്‍ കേന്ദ്ര നേതൃത്വം ഇടപെടണമെന്നും മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. നടപടി സ്വീകരിക്കാന്‍ മാത്രമുള്ള അച്ചടക്ക ലംഘനം നടന്നിട്ടില്ലെന്നാണ് എ, ഐ ഗ്രൂപ്പുകളുടെ വിലയിരുത്തല്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top