Kerala

നിയമസഭാ മന്ദിര രജത ജൂബിലി: ഉപരാഷ്ട്രപതി ഇന്ന് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: കേരള നിയമസഭാ മന്ദിരത്തിന്റെ രജതജൂബിലി ആഘോഷം ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ ഇന്ന് ഉദ്ഘാടനം ചെയ്യും. രാവിലെ 10.30ന് നിയമസഭയിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്‌സ് ലോഞ്ചില്‍ വെച്ചാണ് പരിപാടി.

ജനുവരി 9 മുതല്‍ 15 വരെ സംഘടിപ്പിച്ച അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ സുവനീര്‍ പ്രകാശനവും നിയമസഭാ മന്ദിര പരിസരത്തെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനവും നിര്‍വഹിക്കും. ഉച്ചയ്ക്ക് 2ന് നടക്കുന്ന നിയമസഭ മുന്‍ അംഗങ്ങളുടെ കൂട്ടായ്മയില്‍ മുന്‍ മുഖ്യമന്ത്രിമാരെയും മുന്‍ സ്പീക്കര്‍മാരെയും ആദരിക്കും.

അഖിലേന്ത്യ വെറ്ററന്‍സ് മീറ്റുകളില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയ പിറവം മുന്‍ എം.എല്‍.എ എം ജെ ജേക്കബിനെയും ആദരിക്കും. നിയമസഭാംഗങ്ങളും ജീവനക്കാരും ഉള്‍പ്പെടെ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും.

സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് നിയമസഭാ മന്ദിരം ദീപാലംകൃതമാക്കിയിട്ടുണ്ട്. 1998 മേയ് 22ന് അന്നത്തെ രാഷ്ട്രപതിയായിരുന്ന കെ ആര്‍ നാരായണനാണ് കേരള നിയമസഭയുടെ പുതിയ മന്ദിരം രാഷ്ട്രത്തിനു സമര്‍പ്പിച്ചത്.

ഇന്നലെ വൈകീട്ടാണ് ഉപരാഷ്ട്രപതി രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയത്. തിരുവനന്തപുരത്തെത്തിയ ഉപരാഷ്ട്രപതിയെ ഗവര്‍ണറും മന്ത്രിമാരും ചേര്‍ന്ന് സ്വീകരിച്ചു. ഉപരാഷ്ട്രപതിക്കായി ക്ലിഫ്ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നു രാവിലെ ഒമ്പതിന് പ്രത്യേക വിരുന്ന് ഒരുക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top