മണ്ണഞ്ചേരി (ആലപ്പുഴ) ∙ എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാനെ (38) കാർ ഇടിച്ചു വീഴ്ത്തിയശേഷം വെട്ടിക്കൊലപ്പെടുത്തി. ഇന്നലെ രാത്രി എട്ടു മണിയോടെ മണ്ണഞ്ചേരി സ്കൂൾ കവലയ്ക്കു കിഴക്ക് കുപ്പേഴം ജംക്‌ഷനിലായിരുന്നു ആക്രമണം.

സ്കൂട്ടറിൽ വീട്ടിലേക്കു പോകുകയായിരുന്ന പൊന്നാട് അൽഷാ ഹൗസിൽ ഷാനെ പിന്നിൽ നിന്നു കാറിടിച്ചു വീഴ്ത്തിയ ശേഷം വെട്ടുകയായിരുന്നു. നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് സൂചന. കൈകൾക്കും തലയ്ക്കും ശരീരമാസകലവും വെട്ടേറ്റ ഷാനെ നാട്ടുകാർ ആദ്യം ആലപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലേക്കു മാറ്റി. രാത്രി 11.30ന് ആയിരുന്നു മരണം.
അക്രമികൾ മണ്ണഞ്ചേരി ഭാഗത്തേക്കു പോയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരുടെ കാർ പൊലീസ് തിരിച്ചറിഞ്ഞു. വാടകയ്ക്ക് എടുത്ത കാറാണെന്നാണ് വിവരം. ഷാന്റെ ഭാര്യ ഫൻസിലെ, മക്കൾ; ഹിബ ഫാത്തിമ, ഫിദ ഫാത്തിമ. ആർഎസ്എസ് ആണ് ആക്രമണത്തിനു പിന്നിലെന്ന് എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി ആരോപിച്ചു.

