പരമോന്നത സിവിലിയന്‍ പുരസ്‌കാരമായ പത്മശ്രീ നല്‍കി രാജ്യം ആദരിച്ച ഉദ്ദബ് ബരാലി പോക്‌സോ കേസില്‍ അറസ്റ്റില്‍. പ്രായപൂര്‍ത്തിയാകാത്ത വളര്‍ത്തുമകളെ ലൈംഗികമായി പീഡിപ്പിച്ച പരാതിയിലാണ് കേസ്. ഡിസംബര്‍ 17 ന് ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കേസെടുക്കുന്നത്. ഡിസംബര്‍17ന് ജില്ലാ ലീഗല്‍ അതോറിറ്റി ഉദ്ദബിനെതിരെ ലഭിച്ച ബലാല്‍സംഗ പരാതി ജില്ലാ മജിസ്ട്രേറ്റിന് കൈമാറുകയായിരുന്നു.

പ്രതിക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം ഗുരുതരമായ സ്വഭാവമുള്ളതാണെന്ന് ജസ്റ്റിസ് അരുണ്‍ ദേവ് ചൗധരി തന്റെ ഉത്തരവില്‍ പറഞ്ഞു. എന്നാല്‍ തന്റെ പ്രശസ്തിയെ അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനും കെട്ടിചമച്ച കേസാണിതെന്ന പ്രതിയുടെ ആരോപണവും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി (സിഡബ്ല്യുസി) ക്കെതിരായ എതിര്‍ ഹര്‍ജിയും പരിഗണിച്ചാണ് ഇടക്കാല ജാമ്യം അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ചില്‍ഡ്രന്‍സ് ഹോമിലെ അന്തേവാസിയായ പെണ്‍കുട്ടിയെ തന്റെ സംരക്ഷണയിലായിരുന്നപ്പോള്‍ ഒരു വര്‍ഷത്തോളം പീഡിപ്പിച്ചു എന്നാണ് പരാതി. വൈദ്യ പരിശോധനയിലും പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിട്ടുണ്ട്. പെണ്‍കുട്ടിയെ പോലീസ് സംരക്ഷണത്തിലുള്ള കുട്ടികളുടെ അഭയകേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. 2020 ആഗസ്റ്റിലാണ് ഒരു വര്‍ഷത്തേക്ക് പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിയെയടക്കം രണ്ടുപേരെ ഇയാള്‍ വളര്‍ത്തുമക്കളായി ഏറ്റെടുത്തത്.
ഒരു വര്‍ഷത്തിന് ശേഷം ഈ അനുമതി പുതുക്കണമെന്ന നിബന്ധനയോടെയാണ് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി കുട്ടികളെ പരിചരണത്തിനായി അയച്ചത്. എന്നാല്‍ സമയമായിട്ടും പലതവണ ഓര്‍മിപ്പിച്ചിട്ടും ഇയാള്‍ അനുമതി പുതുക്കാന്‍ തയാറായില്ല. പിന്നീട് കഴിഞ്ഞ ഒക്ടോബറില്‍ രണ്ടു കുട്ടികളെയും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി തിരിച്ചെടുക്കുകയായിരുന്നു. തുടര്‍ന്നാണ് പീഡന വിവരം പുറത്താകുന്നത്.
എന്നാല്‍ പുരസ്‌കാര ജേതാവും ഭാര്യയും വര്‍ഷങ്ങളായി ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാണെന്നും അവരുടെ സംരക്ഷണത്തില്‍ നിരവധി പെണ്‍കുട്ടികള്‍ കഴിഞ്ഞിട്ടുണ്ടെന്നും ഇയാളുടെ അഭിഭാഷകന്‍ പറഞ്ഞു. സി.ഡബ്ല്യു.സിയും പ്രതിയും തമ്മിലുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് കെട്ടിചമച്ച കേസാണിത്. ഇതിന് പിന്നില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടാനുണ്ട്. അതുകൊണ്ടാണ് പോക്‌സോ കേസായിട്ടു പോലും അദ്ദേഹത്തിന് ജാമ്യം ലഭിച്ചതെന്നും അഭിഭാഷകന്‍ പറഞ്ഞു.
അറസ്റ്റിലായ ഉദ്ദബിനെ പിന്നീട് 25,000രൂപയുടെ ആള്‍ജാമ്യത്തില്‍ വിട്ടു. അനുമതി പത്രമില്ലാതെ ഉദ്ദബിന് പോലീസ് സ്റ്റേഷന്‍ പരിധി വിട്ട് പോകാനാവില്ലെന്ന് ജാമ്യം വ്യവസ്ഥ ചെയ്യുന്നുണ്ട്. അസമില്‍ നിന്നുള്ള മികച്ച സംരഭകനായ ഉദ്ദബ് ബാലി നെല്ലു മെതിക്കുന്ന യന്ത്രം ഉള്‍പ്പെടെ 460 ഓളം മെഷീനുകളുടെ പെറ്റെന്റ് നേടിയിട്ടുണ്ട്. 2019ല്‍ സയന്‍സിനും സാങ്കേതികതയ്ക്കും വേണ്ടി ചെയ്ത സംഭവനകളെ മുന്‍നിര്‍ത്തിയാണ് ഉദ്ദവ് ബരാലിക്ക് പത്മശ്രീ ലഭിച്ചത്.

