Education

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ വിദ്യാർഥികൾ കുറയുന്നു; റിപ്പോർട്ട്‌ പുറത്ത്

തിരുവനന്തപുരം: ഒന്നാംക്ലാസില്‍ സര്‍ക്കാര്‍ – എയ്ഡഡ് വിദ്യാലയങ്ങളിലേക്കെത്തുന്ന കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവ്. 2023-24 അധ്യയന വര്‍ഷത്തിലെ കണക്കുകള്‍ പ്രകാരം സര്‍ക്കാര്‍–എയ്ഡഡ് സ്‌കൂളുകളിലെ ഒന്നാം ക്ലാസ് പ്രവേശനത്തിൽ 10,164 കുട്ടികളുടെ കുറവാണ് ഉണ്ടായത്. എന്നാൽ രണ്ടുമുതൽ പത്തുവരെയുള്ള ക്ലാസുകളിൽ ഈ അധ്യയന വർഷത്തിൽ 42,059 കുട്ടികൾ പ്രവേശനം നേടിയെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താക്കുറിപ്പിൽ അറിയിച്ചു.

 

2023-24 അധ്യയന വർഷത്തിൽ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലായി മൊത്തം കുട്ടികളുടെ എണ്ണം 37,46,647 ആണ്. ഇതിൽ സർക്കാർ – എയ്ഡഡ് സ്കൂളുകളിൽ മാത്രം 34,04,724 കുട്ടികളാണുള്ളത്. പ്രവേശനം നേടിയ ക്ലാസുകളിൽ ഏറ്റവും കൂടുതൽ കുട്ടികൾ (17,011) എട്ടാം ക്ലാസിലാണ്. അഞ്ചാം ക്ലാസിൽ 15,529 കുട്ടികളാണ് പ്രവേശനം നേടിയത്. കഴിഞ്ഞ വ‍ർഷം സ‍ർക്കാ‍ർ-എയ്ഡഡ്-അൺഎയ്ഡഡ് മേഖലകളിലെ കുട്ടികളുടെ എണ്ണം 38,33,399ആയിരുന്നു. കഴിഞ്ഞ വ‍ർഷം പൊതുവിദ്യാലയങ്ങളിൽ ഒന്നാം ക്ലാസിൽ പ്രവേശനം നേടിയത് 2,68,313 കുട്ടികളും പത്താം ക്ലാസിൽ പ്രവേശനം നേടിയത് 3,95,852 കുട്ടികളും ആയിരുന്നു.

 

അതായത് ഈ വ‍ർഷം 1,27,539 കുട്ടികൾ കൂടുതൽ വന്നാൽ മാത്രമേ മൊത്തം കുട്ടികളുടെ എണ്ണം വർദ്ധിക്കൂ. ഇങ്ങനെ പരിഗണിക്കുമ്പോൾ പുതുതായി 2 മുതൽ 10 വരെ 42,059 കുട്ടികൾ ഈ വർഷം വന്നതായി കാണാം. സർക്കാർ-എയ്ഡഡ്-അൺഎയ്ഡഡ് മേഖലകളിൽ 2022-23-ൽ പ്രവേശനം നേടിയത് മൊത്തം 38,33,399 കുട്ടികളായിരുന്നു. അതേസമയം ഒന്നാം ക്ലാസിൽ സ‍ർക്കാർ – എയ്ഡഡ് വിദ്യാലയങ്ങളിൽ 10,164 കുട്ടികൾ ഈ വർഷം കുറഞ്ഞപ്പോൾ രണ്ട് മുതൽ പത്തുവരെ ക്ലാസുകളിൽ 42,059 കുട്ടികൾ പ്രവേശനം നേടിയെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

കുട്ടികളുടെ ആധാർ ഉൾപ്പെടെയുള്ള വിവരങ്ങൾ പരിശോധിച്ച് ഈ വർഷത്തെ തസ്തിക നിർ‍ണയ പ്രവ‍ർത്തനങ്ങൾ ആരംഭിച്ചതായും മന്ത്രി അറിയിച്ചു.

 

കുട്ടികളുടെ ആകെ എണ്ണം ജില്ലാതലത്തിൽ പരിഗണിച്ചാൽ ഏറ്റവും കൂടുതൽ കുട്ടികളുള്ളത് മലപ്പുറം (20.73%) ജില്ലയിലും ഏറ്റവും കുറവ് കുട്ടികൾ (2.21%) പത്തനംതിട്ട ജില്ലയിലുമാണ്. ഈ അധ്യയനവർഷത്തെ ആകെ കുട്ടികളുടെ എണ്ണം, ജില്ലാതലത്തിൽ മുൻവർഷത്തേതുമായി താരതമ്യം ചെയ്യുമ്പോൾ സർക്കാർ മേഖലയിൽ കോട്ടയം,എറണാകുളം ജില്ലകൾ ഒഴികെ എല്ലാ ജില്ലകളിലും കുറവ് രേഖപ്പെടുത്തുന്നു. എന്നാൽ സർക്കാർ എയ്ഡഡ് മേഖലയിൽ പാലക്കാട് ഒഴികെ എല്ലാ ജില്ലകളിലും കുറവ് രേഖപ്പെടുത്തുന്നു. ഈ അധ്യയനവർഷത്തെ ആകെ കുട്ടികളിൽ 56% (20,96,846) പേർ ദാരിദ്ര്യരേഖക്ക് മുകളിലുള്ളവരും 44% (16,49,801) പേർ ദാരിദ്ര്യരേഖക്ക് താഴെയുള്ളവരുമാണെന്ന് വാർത്താ കുറിപ്പിൽ മന്ത്രി വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top