Kerala

വിജയവഴിയിൽ തിരിച്ചെത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്

ഗുവാട്ടി: ഐ എസ് എൽ എട്ടാം സീസണിൽ വിജയവഴിയിലേക്ക് തിരിച്ചെത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ബ്ലാസ്റ്റേഴ്‌സ് ജയിച്ചത്. ബ്ലാസ്റ്റേഴ്സിനായി സഹൽ അബ്ദുൽ സമദ് രണ്ട് ഗോളുകളും ദിമിത്രിയോസ് ഒരു ഗോൾ വീതവും നേടി. ക്ലബ്ബിന് വേണ്ടി ദിമിത്രിയോസിന്റെ ആദ്യ ഗോളായിരുന്നു ഇത്.

 

ആദ്യ മത്സരത്തിന് ശേഷം തുടർച്ചയായ മൂന്ന് തോൽവികൾക്ക് ശേഷം വിജയവഴിയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് കൊമ്പന്മാർ. നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഒരു വിജയം ലക്‌ഷ്യം വെച്ചാണ് ഇന്ന് മത്സരത്തിനിറങ്ങിയത്. മത്സരത്തിന്റെ ആദ്യ പകുതിയിൽ ആരും ഗോൾ നേടിയിരുന്നില്ല. ഇരു ടീമുകളും പന്ത് കൈവശം വെച്ചുള്ള നീക്കങ്ങളായിരുന്നു ആദ്യ പകുതിയിൽ. ടീമിൽ വൻ അഴിച്ചുപണികളുമായാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് കളിക്കളത്തിൽ ഇറങ്ങിയത്. ക്യാപ്റ്റൻ ജെസ്സൽ, സഹൽ, ഖബ്രാ, പുയിട്ടിയ എന്നിവരെ സൈഡ് ബെഞ്ചിലിരുത്തി നിഷു കുമാർ, സന്ദീപ് സിംഗ്, സൗരവ്, ഇവാൻ എന്നിവരെ ആദ്യ ഇലവനിൽ ഉൾപ്പെടുത്തിയിരുന്നു.

 

56 ആം മിനുട്ടിലാണ് ആദ്യ ഗോൾ പിറന്നത്.  വലത് വിങ്ങിൽ നിന്നും രാഹുൽ നൽകിയ പന്തിൽ നിന്നും ഗ്രീക്ക് താരം ദിമിത്രിയോസ് ദയമാന്തക്കോസ് തെന്നി വീണ് ഗോൾ വലയിലാക്കുകയായിരുന്നു. ഗോൾ നേടിയെങ്കിലും അൽപ സമയത്തിന് ശേഷം പരിക്ക് കാരണം ദിമിത്രിയോസിനെ മത്സരത്തിൽ നിന്നും ഒഴിവാക്കേണ്ടി വന്നു. ദിമിത്രിക്ക് പകരം ജിയാനുവിനെയാണ് കളത്തിലെത്തിച്ചത്. തുടർന്ന് ഒരു ഗോളിന്റെ ആധിപത്യത്തിൽ ബ്ലാസ്റ്റേഴ്‌സ് ആക്രമണങ്ങൾക്ക് തുടക്കമിട്ടു. 85 ആം മിനുട്ടിൽ പകരക്കാരനായി ഇറങ്ങിയ സഹൽ അബ്ദുൽ സമദ് വഴി ബ്ലാസ്റ്റേഴ്‌സ് രണ്ടാം ഗോളും നേടി. ഇക്കുറിയും അസിസ്റ്റ് ചെയ്തത് രാഹുൽ തന്നെ. ഇഞ്ചുറി ടൈമിന്റെ അവസാന നിമിഷം സഹൽ അബ്ദുൽ സമദ് വീണ്ടും ഗോൾ നേടി. രണ്ട് അസിസ്റ്റുകൾ നൽകിയ രാഹുൽ കെ പി ഹീറോ ഓഫ് ദി മാച്ച് പുരസ്കാരവും നേടി.

 

കേരളാ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം 13ആം തീയതി ഗോവയുമായാണ്. കൊച്ചി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. വിജയവഴിയിൽ തിരിച്ചെത്തിയ ബ്ലാസ്റ്റേഴ്‌സ് നേരിടാനിരിക്കുന്നത് ശക്തരായ ഗോവയെയാണ്.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top