Crime

ജിഷ കൊലപാതകക്കേസ്; അസം ജയിലിലേക്ക് മാറ്റണമെന്ന അമീറുളിന്റെ ഹര്‍ജി തള്ളണമെന്ന് സംസ്ഥാന സർക്കാർ

ന്യൂഡൽ​ഹി: പെരുമ്പാവൂരിലെ ജിഷ കൊലപാതകക്കേസിലെ പ്രതി അമീറുള്‍ ഇസ്‌ലാമിനെ അസമിലെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി തള്ളണമെന്ന് സംസ്ഥാന സർക്കാർ. ജയില്‍ ചട്ടത്തിലെ 587-ാം വകുപ്പ് പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവര്‍ക്ക് ജയില്‍മാറ്റം നൽകാനാവില്ല. ഇതുപ്രകാരം 2014ലെ ജയിൽ ചട്ട പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കുറ്റവാളിയായ ഇയാളെ ജയിൽ മാറ്റത്തിന് അനുവദിക്കാനാവില്ലെന്നാണ് സംസ്ഥാന സർക്കാരിനായി സ്റ്റാൻഡിങ് കോൺസൽ ഹർഷദ് വി ഹമീദ് സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നത്.

ചട്ടപ്രകാരം ഹൈക്കോടതിയോ, സെഷൻസ് കോടതിയോ നിർദേശിച്ചാൽ മാത്രമാണ് ഇവരെ ജയിലിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകാൻ അനുവദിക്കാറൊള്ളൂ. ചട്ടത്തിലെ 789 -ാം വകുപ്പ് പ്രകാരം വധശിക്ഷയ്ക്കെതിരായ അപ്പീൽ നിലനിൽക്കുമ്പോഴും ജയിൽ മാറ്റം നൽകാനാവില്ലെന്നും സംസ്ഥാന സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നുണ്ട്. നിലവിലെ നിയമങ്ങളും ചട്ടങ്ങളും പ്രകാരം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവർക്ക് മറ്റൊരു സംസ്ഥാനത്തെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെടാനും കഴിയില്ലെന്നും സർക്കാർ വാദിക്കുന്നു. ഓരോ സംസ്ഥാനങ്ങൾക്കും അതത് സർക്കാരുകൾ നടപ്പാക്കുന്ന ജയിൽ ചട്ടങ്ങളാണ് ഉള്ളത്. അമീറുള്‍ ഇസ്‌ലാമിനെ സംബന്ധിച്ചെടുത്തോളം കേരളത്തിലെ ജയിൽ ചട്ടങ്ങളാണ് ബാധകമെന്നും സർക്കാർ വ്യക്തമാക്കുന്നു.

കേരളത്തിൽ നിന്ന് അസമിലെ ജയിലിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് അമീറുള്‍ ഇസ്‌ലാം ഫയൽ ചെയ്ത ഹർജിയിൽ സുപ്രീംകോടതി കേരളത്തിന് നേരത്തെ നോട്ടീസ് അയച്ചിരുന്നു. ഭാര്യയും മാതാപിതാക്കളും അസമിലാണുള്ളതെന്നും അവർ അതീവ ദാരിദ്ര്യത്തിലാണെന്നും വിയ്യൂർ ജയിലിൽ തന്നെ സന്ദർശിക്കാൻ ബുദ്ധിമുട്ടുകയാണെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. വിചാരണക്കോടതി വധശിക്ഷ വിധിച്ച പ്രതി ഇപ്പോൾ വിയ്യൂർ ജയിലിലാണ്. അമീറുള്‍ ഇസ്‌ലാമിനായി അഭിഭാഷകരായ ശ്രീറാം പാറക്കാട്ട്, സതീഷ് മോഹനനൻ എന്നിവരാണ് സുപ്രീംകോടതിയിൽ ഹാജരാകുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top