India

ഇസ്രയേലിനെതിരെ അസാധാരണ നീക്കവുമായി അറബ് രാഷ്ട്രങ്ങൾ

ദുബായ്: ഇസ്രയേലിനെതിരെ അസാധാരണ നീക്കവുമായി അറബ് രാഷ്ട്രങ്ങൾ. ഹമാസിനെതിരായ യുദ്ധത്തിന്റെ പേരിൽ ​ഗാസയിലെ ആശുപത്രികളിലും അഭയാർത്ഥി ക്യാമ്പുകളിലും ഉൾപ്പെടെ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെയാണ് അറബ് രാജ്യങ്ങൾ പ്രശ്ന പരിഹാരത്തിനായി അസാധാരണ നീക്കം നടത്തിയിരിക്കുന്നത്. പലസ്തീൻ പ്രശ്നം പരിഹരിക്കാൻ ഇടപെടണമെന്ന് ചൈനയോട് ആവശ്യപ്പെട്ടിരിക്കുകയാണ് അറബ് നേതാക്കൾ.

പശ്ചിമേഷ്യയിൽ സമാധാനം പുനസ്ഥാപിക്കാൻ ചൈന ഇടപെടണമെന്നാണ് അറബ് രാജ്യങ്ങളുടെ ആവശ്യം. ഇതിന്റെ ഭാ​ഗമായി അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാർ ചൈനയിലെത്തി. ​സൗദി അറേബ്യ, ഈജിപ്ത്, ജോർദാൻ, ഇന്തോനേഷ്യ, പാലസ്തീൻ അതോറിറ്റി എന്നീ രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് ചൈനയിലെത്തി ചർച്ച നടത്തുന്നത്. ഒ.ഐ.സി നേതാക്കളും സംഘത്തിലുണ്ട്. ഇസ്രായേലിനെ മാത്രമല്ല, അമേരിക്കയെ പോലും കൂടുതൽ സമ്മർദ്ദത്തിലാക്കുന്ന നീക്കമാണ് അറബ് രാജ്യങ്ങൾ നടത്തുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഗാസയിലെ ആക്രമണത്തിൽ നിന്നും ഇസ്രയേലിനെ പിന്തിരിപ്പിക്കാൻ ചൈന ഇടപെടണമെന്നും പാലസ്തീൻ,​ ഇസ്രയേൽ എന്നീ രണ്ട് രാജ്യങ്ങൾ രൂപീകരിച്ച് മേഖലയിലെ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണണം എന്നുമാണ് അറബ് നേതാക്കളുടെ ആവശ്യം. പാലസ്തീൻ,​ ഇസ്രയേൽ എന്നീ രണ്ട് രാജ്യങ്ങൾ രൂപീകരിക്കണമെന്ന ആവശ്യത്തോട് ചൈനയും നേരത്തെ യോജിച്ചിരുന്നു. ഏറെ കാലം തുടർന്ന സൗദി-ഇറാൻ തർക്കത്തിൽ പരിഹാരം കണ്ടത് ചൈനയായിരുന്നു.

ഗാസയിൽ ഇസ്രയേൽ നടത്തുന്ന കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും തടവിലായവരെയും ബന്ദികളെയും ഉടനെ വിട്ടയക്കണമെന്നും അറബ് – ഇസ്ലാമിക് രാജ്യങ്ങളുടെ അടിയന്തര ഉച്ചകോടി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇസ്രയേൽ ഈ ആവശ്യത്തോട് നിസഹകരണ മനോഭാവമാണ് കാട്ടിയത്. വെടിനിറുത്തലിന് തയ്യാറാവണമെന്ന യു.എന്നിന്റെ ആവശ്യവും ഇസ്രയേൽ തള്ളി. ഇതുകൂടാതെ ഗാസയിലെ യു.എൻ ഏജൻസികളുടെ ഓഫീസിലും ക്യാമ്പിലും യു.എൻ സ്കൂലിലും ആശുപത്രികളിലും ഉൾപ്പെടെ ഇസ്രയേൽ സൈന്യം ആക്രമണം നടത്തുകയും ചെയ്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top