ഇറാനിലെ അറാക് ആണവനിലയം ആക്രമിച്ച് ഇസ്രയേൽ. ഇതുവരെ റേഡിയേഷൻ ഭീഷണി ഉയർന്നിട്ടില്ലെന്നും ആക്രമണത്തിനു മുൻപു തന്നെ ഇവിടെ നിന്ന് ആളുകളെ ഒഴിപ്പിച്ചിരുന്നെന്നും ഇറാനിയൻ ഔദ്യോഗിക ടെലിവിഷൻ റിപ്പോർട്ട് ചെയ്തു.

ഈ കേന്ദ്രം ആക്രമിക്കുമെന്ന് ഇസ്രയേൽ വ്യാഴാഴ്ച രാവിലെതന്നെ മുന്നറിയിപ്പു നൽകിയിരുന്നു. മേഖലയിൽനിന്ന് ഒഴിഞ്ഞുപോകണമെന്ന് ആളുകളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇറാനിലെ ടെഹ്‌റാനിൽനിന്ന് ഏകദേശം 250 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന ആണവ നിലയമാണ് അറാക് ഹെവി വാട്ടർ റിയാക്ടർ (IR-40).

അതേ സമയം ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിൽ ഇറാൻ മിസൈൽ ആക്രമണം നടത്തി. അഞ്ചോളം സ്ഥലങ്ങളിൽ മിസൈൽ പതിച്ചു. തെക്കൻ ഇസ്രയേലിലെ ഏറ്റവും വലിയ ആശുപത്രിയായ സൊറോക്ക മെഡിക്കൽ സെന്ററാണ് ആക്രമിക്കപ്പെട്ടത്. ആശുപത്രിയിൽ വ്യാപക നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. സംഭവസമയത്ത് ആശുപത്രിയിൽ ഉണ്ടായിരുന്ന 16 പേർക്ക് പരിക്കേറ്റതായാണ് വിവരം.

