India

ഇൻഡോനേഷ്യ പാമോയിൽ കയറ്റുമതി നിർത്തി,ഇന്ത്യയിൽ പാചക എണ്ണയ്ക്ക് വില വർദ്ധിക്കും

ലോകത്ത് ഏറ്റവും കൂടുതല്‍ പാമോയില്‍ ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. ഈ മാസം 28 മുതല്‍ അവര്‍ കയറ്റുമതി നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു.
ഇന്തോനേഷ്യയിലും പാമോയില്‍ വില ഉയരുകയണ്. വിലക്കയറ്റം പിടിച്ചുനിര്‍ത്താനാണ് അവര്‍ കയറ്റുമതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നത്. എന്നാല്‍ ആ തീരുമാനം ഇന്ത്യയ്ക്ക് വലിയ പ്രതിസന്ധി സൃഷ്ടിക്കും.

ഇന്തോനേഷ്യയില്‍ നിന്നാണ് ഒട്ടുമിക്ക രാജ്യങ്ങളും പാമോയില്‍ ഇറക്കുമതി ചെയ്യുന്നത്. ഏറ്റവും കൂടുതല്‍ പാമോയില്‍ ഇറക്കുന്നത് ഇന്ത്യയും ചൈനയുമാണ്. ലോകത്ത് ഉല്‍പ്പാദിപ്പിക്കുന്ന പാമോയിലിന്റെ പകുതിയും ഇന്തോനേഷ്യയില്‍ നിന്നാണ്. പാചക എണ്ണയ്ക്ക് മാത്രമല്ല, ഭക്ഷ്യ സംസ്‌കരണം, സുഗന്ധ വസ്തു നിര്‍മാണം, ബയോ ഇന്ധനം തുടങ്ങിയവയ്‌ക്കെല്ലാം പാമോയില്‍ ഉപയോഗിക്കുന്നുണ്ട്.സണ്‍ഫ്‌ളവര്‍ ഓയില്‍ പ്രധാനമായും ഉല്‍പ്പാദിപ്പിക്കുന്ന രാജ്യമാണ് യുക്രൈന്‍. റഷ്യ ആക്രമണം തുടങ്ങിയതോടെ ഇവിടെയുള്ള ഉല്‍പ്പാദനം തകിടം മറിഞ്ഞു. മാത്രമല്ല, കരിങ്കടല്‍ വഴിയുള്ള കയറ്റുമതിയും കുഴപ്പത്തിലായി. ഈ കാരണം കൊണ്ടുതന്നെ ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ പാചക എണ്ണവില കുത്തനെ ഉയര്‍ന്നിരുന്നു.

 

ലോകത്തെ സണ്‍ഫ്‌ളവര്‍ ഓയില്‍ കയറ്റുമതിയുടെ 76 ശതമാനവും കരിങ്കടലിലൂടെയാണ്. യുദ്ധം കാരണം ഇതുവഴിയുള്ള കയറ്റുമതി കൃത്യമായി നടക്കുന്നില്ല. അതിനിടെയാണ് ഇന്തോനേഷ്യ വില വര്‍ധനവ് കാരണം കയറ്റുമതി നിര്‍ത്തുന്നത്. ഓരോ മാസവും 40 ലക്ഷം ടണ്‍ പാമോയിലിന്റെ കുറവാണ് ഇതുകാരണമായി ഇന്ത്യയ്ക്കുണ്ടാകുക.യുക്രൈന്‍ റഷ്യ യുദ്ധം കാരണം പ്രതിമാസം സണ്‍ഫ്‌ളവര്‍ ഓയിലില്‍ ഒരു ലക്ഷം ടണ്ണിന്റെ കുറവാണ് ഇന്ത്യ അനുഭവിക്കുന്നത്. അതിന് പുറമെയാണ് 40000 ടണ്‍ പാമോയിലിന്റെ കുറവ് ഇന്തോനേഷ്യ കാരണമുണ്ടാകുന്നത്. വില കുത്തനെ വര്‍ധിക്കുമ്പോള്‍ ഓരോ വീട്ടുകാരെയും ശരിക്കും ബാധിക്കും. പണപ്പെരുപ്പം വര്‍ധിക്കാനും ഇടയാക്കും. ഈ പ്രതിസന്ധി മറികടക്കാന്‍ ഇന്ത്യ പുതിയ പദ്ധതി ആവിഷ്‌കരിക്കേണ്ടി വരുമെന്ന് വിപണി നിരീക്ഷകര്‍ പറയുന്നു.

 

അതേസമയം, കേന്ദ്ര സര്‍ക്കാര്‍ കാണുന്നത് മറ്റൊരു വഴിയാണ്. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന എണ്ണ കുരുക്കുകള്‍ വില്‍ക്കുകയാണ് വഴി. വിദേശത്ത് നിന്നുള്ള ഇറക്കുമതി കുറയ്ക്കാനും പകരം ഇന്ത്യയിലെ എണ്ണ കുരുക്കള്‍ അധികമായി വാങ്ങാനും പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തിടെ ഇന്ത്യന്‍ കമ്പനികളോട് ആവശ്യപ്പെട്ടിരുന്നു.

 

വിലക്കയറ്റം കാരണം ഇന്ത്യ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. എണ്ണവിലയിലെ വര്‍ധനവ് ഓരോ വ്യക്തിയെയും ബാധിക്കുന്ന അവസ്ഥയിലാണ്. വസ്തുക്കള്‍ക്ക് മാത്രമല്ല, യാത്രയും ചെലവേറിയതായി മാറി. ഈ സാഹചര്യത്തിലാണ് പാചക എണ്ണയ്ക്കും വില വര്‍ധിക്കുന്നത്. വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ പദ്ധതി ആവിഷ്‌കരിച്ചില്ലെങ്കില്‍ ജനങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാകും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top