Politics

തൃക്കാക്കരയിൽ കോൺഗ്രസിലെ ഉമാ തോമസിന് ബദലായി കത്തോലിക്കാ വനിതയെ മത്സരിപ്പിക്കാൻ സിപിഎം നീക്കം

സംസ്ഥാന സമ്മേളനത്തിനു ശേഷം തൃക്കാക്കരയില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സിപിഎം തീരുമാനം. ഉപതെരഞ്ഞെടുപ്പ് ഏപ്രില്‍ മാസത്തില്‍ ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് സിപിഎം. ഇത്തവണ മുന്‍കാലങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു വനിതയെ തൃക്കാക്കരയില്‍ മത്സരിപ്പിക്കാനാണ് സിപിഎം തീരുമാനം. തൃക്കാക്കരയില്‍ ഏറെ സ്വാധീനമുള്ള സിറോ മലബാര്‍ സഭയിലെ അംഗമായ ഒരു വനിതയെ ആണ് ഇവിടെ മത്സരിപ്പിക്കാന്‍ സിപിഎം നീക്കം തുടങ്ങിയത്. മണ്ഡലത്തിലെ ഒരു കോളേജിലെ അധ്യാപികയായ ഇവര്‍ സിറോ മലബാര്‍ സഭയിലെ ഉന്നത പദവി കൂടി വഹിക്കുന്നുണ്ട്.

ഇവരെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഒരു ഘടകകക്ഷി നേതാവാണ് മുന്‍കൈയെടുത്തത്. ഈ പാര്‍ട്ടിയുടെ നേതാവുമായി ഈ വനിതാ അല്‍മായ നേതാവ് ഇതിനകം രണ്ടുവട്ടം ചര്‍ച്ച നടത്തിക്കഴിഞ്ഞു. ക്രൈസ്തവ സഭാ നേതൃത്വവുമായി ഈ ഘടകകക്ഷി നേതാവിനും അടുത്ത ബന്ധമാണ് ഉള്ളത്. സഭയിലെ അല്‍മായ നേതൃത്വത്തിന്റെ മുന്‍നിരയിലെ പ്രമുഖ കൂടിയാണ് ഈ വനിത. അധ്യാപിക കൂടിയായതിനാല്‍ മണ്ഡലത്തില്‍ കുറച്ചു കൂടി സ്വാധിനം ചെലുത്താനും ഇവര്‍ക്ക് കഴിയും എന്നാണ് പാര്‍ട്ടിയുടെ വിലയിരുത്തല്‍.

 

ഇടതു സ്വതന്ത്ര എന്ന ലേബലിലാകും ഇവരെ മത്സരിപ്പിക്കുക. പിടി തോമസിന്റെ ഭാര്യ ഉമ തോമസ് തന്നെയാകും യു ഡി എഫ് സ്ഥാനാര്‍ത്ഥി എന്നാണ് ഇടതു മുന്നണി പ്രതീക്ഷിക്കുന്നത്. അതു കൊണ്ടു തന്നെ തങ്ങളുടെ ഭാഗത്തു നിന്നും ശക്തയായ വനിതാ സ്ഥാനാര്‍ത്ഥി തന്നെ വരണമെന്ന നിര്‍ബന്ധം പാര്‍ട്ടിക്കുണ്ട്. പാര്‍ട്ടി ചിഹ്നത്തില്‍ തൃക്കാക്കരയില്‍ മത്സരിച്ചാല്‍ ഗുണം ഇല്ല എന്നു തന്നെയാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. പാര്‍ട്ടി സമ്മേളനത്തില്‍ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് സംബന്ധിച്ച്‌ പ്രത്യേക ചര്‍ച്ച തന്നെ നടക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top