Kerala

അക്ഷരങ്ങൾ പകർന്നു നൽകുന്ന അറിവ് മാത്രമല്ല വിദ്യാഭ്യാസമെന്നും ഹൃദയത്തിൽ നന്മയുടെ വറ്റാത്ത പ്രവാഹത്തിനുള്ള വഴി കൂടിയാണെന്നും ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ

പാലാ : അക്ഷരങ്ങൾ പകർന്നു നൽകുന്ന അറിവ് മാത്രമല്ല വിദ്യാഭ്യാസമെന്നും ഹൃദയത്തിൽ നന്മയുടെ വറ്റാത്ത പ്രവാഹത്തിനുള്ള വഴി കൂടിയാണെന്നും ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ പറഞ്ഞു. മറ്റുള്ളവരുടെ വേദന അറിയാനും ഒപ്പം നിൽക്കാനും വിദ്യാഭ്യാസത്തിലൂടെ കഴിയണം. ചാവറ പബ്ലിക് സ്കൂൾ രജത ജൂബിലി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അധ്വാനിക്കുന്ന കർഷകരുടെ നാടായ പാലാ ഇപ്പോൾ വിദ്യാഭ്യാസത്തിന്റെ പ്രധാന കേന്ദ്രം കൂടിയാണ്. സി.എം.ഐ സന്യാസ സഭയും വിശുദ്ധ ചാവറയച്ചനും കേരളത്തിലെ വിദ്യാഭ്യാസ രംഗത്തിനു നൽകിയ സംഭാവനകൾ നിസ്തുലമാണ്. സമത്വവും സമൂഹത്തിന്റെ ഉന്നമനവും ആണ് സി.എം.ഐ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലക്ഷ്യം. സ്വപ്നങ്ങൾ യാഥാർഥ്യമാക്കുക എന്നതു മാത്രമല്ല വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം, വ്യക്തിപരമായ നേട്ടത്തിനു അപ്പുറം സമൂഹത്തിന്റെ നന്മ കൂടി വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ആകണം എന്നു അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തിൽ അധ്യാപകരുടെ പങ്ക് വലുതാണ്. ഇംഗ്ലിഷിൽ എഴുതി തയാറാക്കിയ പ്രസംഗം പാതിവഴിയിൽ ഉപേക്ഷിച്ചു പച്ചമലയാളത്തിൽ എല്ലാവർക്കും ഗവർണർ ക്രിസ്മസ പുതുവത്സര ആശംസകൾ നേർന്നു.

മാണി സി കാപ്പൻ എംഎൽഎ അധ്യക്ഷത വഹിച്ചു. സിബിഎസ് വിദ്യാർഥികൾക്കു സംസ്ഥാന സ്കൂൾ കലോത്സവം, കായികമേള തുടങ്ങിയവയിൽ പങ്കാളിത്തം നൽകുന്ന കാര്യത്തിൽ ഗവർണർ ഇടപെടണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു. പ്രിൻസിപ്പൽ ഫാ. സാബു കൂടപ്പാട്ട്, മാനേജർ ഫാ.ജോസുകുട്ടി പടിഞ്ഞാറെപ്പീടിക, സ്ഥാപക പ്രിൻസിപ്പൽ ഫാ.സെബാസ്റ്റ്യൻ ഇലഞ്ഞിക്കൽ, മുൻ പ്രിൻസിപ്പൽ ഫാ.മാത്യു കരീത്തറ, പിടിഎ വൈസ് പ്രസിഡന്റ് ഡോ. ഷീന സ്കറിയ തുടങ്ങിയവർ പ്രസംഗിച്ചു. സ്കൂളിന്റെ ഉപഹാരം പ്രിൻസിപ്പൽ ഫാ.സാബു കൂടപ്പാട്ട് ഗവർണർക്കു സമ്മാനിച്ചു.

ക്യാ ഹുവാ പാടി സഞ്ജയ്, ചേർത്തു പിടിച്ചു ഗവർണർ I രജത ജൂബിലി ഉദ്ഘാടന സമ്മേളന വേദിയിൽ മുഹമ്മദ് റഫിയുടെ പ്രസിദ്ധമായ ക്യാ ഹുവാ തേരാ വാദാ എന്ന ഗാനം പാടിയ എട്ടാം ക്ലാസ് വിദ്യാർഥി സഞ്ജയ് വി ഐസനു ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സ്നേഹ സമ്മാനം. എക്കാലത്തെയും ഹിറ്റ് ഗാനം പാടിയപ്പോൾ പഴയ ഹിന്ദി ഗാനങ്ങളുടെ ആരാധനകനായ ഗവർണർ അക്ഷരാർഥത്തിൽ അദ്ഭുതപ്പെട്ടു. പാട്ട് കഴിഞ്ഞപ്പോൾ സഞ്ജയിനെ വേദിയിലേക്കു വിളിച്ചു വരുത്തി കെട്ടിപ്പിടിച്ചു അഭിനന്ദിച്ചു . കൃഷിയുടെയും ഉന്നത വിദ്യാഭ്യാസത്തിന്റെയും നാട് മാത്രമല്ല പാലാ എന്നും മികച്ച കലാകാരന്മാരുടെ നാട് കൂടിയാണെന്നും മനസ്സിലായെന്നു അദ്ദേഹം പറഞ്ഞു. ശാസ്ത്രീയ നൃത്തത്തിന്റെ അകമ്പടിയോടെയാണു സ്കൂളിൽ ഗവർണറെ സ്വീകരിച്ചത്. നൃത്തപരിപാടിയിൽ പങ്കെടുത്ത പെൺകുട്ടികളെയും ഗവർണർ അഭിനന്ദിച്ചു. ഒപ്പം നിന്നു ഫോട്ടോ എടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top