അഹമ്മബാദ്: എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനാപകടത്തിന്റെ ഞെട്ടലിലാണ് രാജ്യം. നിരവധിപ്പേരുടെ പ്രതീക്ഷകളാണ് ദുരന്തം കവർന്നെടുത്തത്.

വിമാനദുരന്തത്തിൽ മരിച്ചവരിൽ നാഗ്പൂരിൽനിന്നുള്ള ഒരു കുടുംബത്തിലെ മൂന്നുപേരും ഉൾപ്പെടുന്നു. അഹമ്മദാബാദിൽ താമസിക്കുന്ന മനീഷ് കാംദാറിന്റെ മകൾ 32 കാരിയായ യാഷ മോധ, യാഷയുടെ ഒന്നരവയസ്സുള്ള മകൻ രുദ്ര, ഭർതൃമാതാവ് 58 വയസ്സുള്ള രക്ഷ മോധ എന്നിവരാണ് മരിച്ചത്.

രാവിലെ ഒമ്പത് മണിയോടെ മകളോട് സംസാരിച്ചിരുന്നുവെന്നും പിന്നീടാണ് അപകടവാർത്ത അറിഞ്ഞതെന്നും പിതാവ് മനീഷ് കാംദാർ പറഞ്ഞു. യാഷയുടെ ഭർതൃ പിതാവ് കിഷോർ മോധ ഒരുമാസം മുൻപ് അർബുദ ബാധിതനായി ബ്രിട്ടനിൽ വെച്ച് മരിച്ചിരുന്നു.
ജൂൺ 22-ന് അവിടെ നടക്കാനിരിക്കുന്ന അദ്ദേഹത്തിന്റെ അനുസ്മരണ പരിപാടിയിൽ പങ്കെടുക്കാൻ പോവുകയായിരുന്നു ഇവർ.

