Kerala

‘വൈദ്യുതി ഉപയോഗം കൂടിയാൽ നിയന്ത്രണങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടി വരും’; മന്ത്രി കെ കൃഷ്ണൻക്കുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടി വന്നതോടെ വൈദ്യുതി ഉപയോഗം ദിനംപ്രതി വർധിക്കുകയാണ്. വൈദ്യുതി ഉൽപാദന പദ്ധതികൾ തുടങ്ങുന്ന കാര്യത്തിൽ ചിലർ തുടരുന്ന കപട പരിസ്ഥിതി വാദം വെടിഞ്ഞില്ലെങ്കിൽ കേരളം യൂണിറ്റിന് 50 രൂപ നൽകി പുറത്തു നിന്നു വൈദ്യുതി വാങ്ങി ഉപയോഗിക്കേണ്ടി വരുമെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു. ഇരിട്ടിയിൽ വൈദ്യുതി ഭവൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉയർന്ന വില കൊടുത്താണ് ഇന്നലെ വൈദ്യുതി വാങ്ങിയത്. പത്ത് രൂപയ്ക്ക് വാങ്ങുന്ന വൈദ്യുതി 20 രൂപയ്ക്ക് വാങ്ങി. വൈദ്യുതി നിയന്ത്രണമില്ലാത്ത ഏക സംസ്ഥാനം കേരളമാണ്. ഉപയോഗം ക്രമാതീതമായി ഉയർന്നാൽ നിയന്ത്രണങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടി വരും. വൈകുന്നേരങ്ങളിലെ ഉപയോഗം ജനങ്ങൾ കുറയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

കേന്ദ്രത്തിന്റെ സ്വകാര്യവൽക്കരണ നയം മൂലം റഗുലേറ്ററി കമ്മിഷന്റെ അനുമതി പോലും ഇല്ലാതെ വൈദ്യുതിക്ക് വില വർധിപ്പിക്കാൻ പുറമേയുള്ള കമ്പനികൾക്ക് കഴിയും. ഇടുക്കിയിൽ 0.55 പൈസയ്ക്ക് നാം വൈദ്യുതി ഉൽപാദിപ്പിക്കുമ്പോൾ പുറത്തു നിന്നു 50 രൂപ വരെ വില ഈടാക്കിയാണ് വൈദ്യുതി നൽകുന്നത്.ആസൂത്രണത്തിൽ കേന്ദ്രീകരിക്കാൻ കഴിയാതെ പോയതിനാൽ കേരളം വൈദ്യുതി രംഗത്തും ഉപഭോക്‌തൃ സംസ്ഥാനമാണ്. 30 ശതമാനം വൈദ്യുതി മാത്രം ആണു അഭ്യന്തരമായി ഉൽപാദിപ്പിക്കുന്നത്. അരിയും പച്ചക്കറിയും ഇതര സാധനങ്ങളും എന്നത്‌ പോലെ നാം വൈദ്യുതിയും വലിയ

വില നൽകി വാങ്ങേണ്ട അവസ്ഥയാണ്. 3000 ടിഎംസി വെള്ളം ലഭിക്കുന്ന നാടാണ്‌ കേരളം. 300 ടിഎംസി വെള്ളം മത്രമാണ്‌ നാം ഉപയോഗിക്കുന്നത്‌. ജലവൈദ്യുതി പദ്ധതികളിൽ കേന്ദ്രീകരിക്കാൻ സാധിച്ചാൽ നമുക്ക്‌ വൈദ്യുതി മിച്ച സംസ്ഥാനമായി മാറാം. 3 വലിയ പദ്ധതികൾ വഴി 1560 മെഗാവാട്ട്‌ വൈദ്യുതി കൂടി ഉൽപാദിപ്പിക്കാനുള്ള നീക്കത്തിലാണ്‌ കെഎസ്‌ഇബി. ഇടുക്കി നിലയം സുവർണജൂബിലി പദ്ധതിയാണിതിൽ മുഖ്യം. 800 മെഗാവാട്ട്‌ വൈദ്യുതി കൂടി ഇടുക്കിയിൽ നിന്ന്‌ ഉൽപ്പാദിപ്പിക്കാനാണ്‌ ലക്ഷ്യം. ഉൽപാദന രംഗത്ത്‌ കേന്ദ്രീകരിച്ച്‌ സ്വന്തം കാലിൽനിൽക്കാനുള്ള ശ്രമം വിജയിക്കണമെങ്കിൽ മൃഗങ്ങൾക്ക് കിഴക്ക് – പടിഞ്ഞാറ് പോകാൻ തടസ്സം ആകും എന്നതു ഉൾപ്പെടെ ഉള്ള വാദം ഉയർത്തുന്നവർ പിൻമാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top