Kerala

ഇലക്‌ട്രിക്ക് സ്കൂട്ടര്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച്‌ വീടിന് തീപിടിച്ചു,വയോധികൻ മരിച്ചു

ന്യൂഡല്‍ഹി: ഇലക്‌ട്രിക്ക് സ്കൂട്ടര്‍ ചാര്‍ജ് ചെയ്യുന്നതിനിടെ ബാറ്ററി പൊട്ടിത്തെറിച്ച്‌ വീടിന് തീപിടിച്ചു. സംഭവത്തില്‍ 60കാരന്‍ മരണമടഞ്ഞു.ന്യൂഡല്‍ഹിയിലെ ഗുരുഗ്രാം സെക്ടര്‍ 44ലെ കന്‍ഹായി ഗ്രാമത്തില്‍ ഇന്നലെ രാത്രിയോടെയാണ് സംഭവം. 70 ശതമാനത്തിലേറെ പൊള്ളലേറ്റ ഗൃഹനാഥന്‍ സുരേഷ് സാഹുവാണ് സംഭവസ്ഥലത്ത് വച്ച്‌ തന്നെ മരണമടഞ്ഞത്. സുരേഷിന്റെ ഭാര്യ റീന (50), മക്കളായ മനോജ് (25), സരോജ് (18), അനുജ് (14) എന്നിവര്‍ തീപ്പൊള്ളലേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. രണ്ട് പേരുടെ നില അതീവ ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

 

രാത്രി വീട്ടിനുള്ളില്‍ ഇവരുടെ ഇലക്‌ട്രിക്ക് സ്കൂട്ടര്‍ ചാര്‍ജ് ചെയ്യാന്‍ വച്ച ശേഷം കുടുംബാംഗങ്ങള്‍ അഞ്ച് പേരും ഒരേ മുറിയില്‍ കിടന്ന് ഉറങ്ങുകയായിരുന്നു. ചാര്‍ജിംഗിനിടെ അമിതമായി ചൂടായ സ്കൂട്ടറിന്റെ ബാറ്ററി പൊട്ടിത്തെറിക്കുകയായിരുന്നു. പൊട്ടിത്തെറിയില്‍ കുടുംബാംഗങ്ങള്‍ ഉപയോഗിച്ചിരുന്ന കമ്പിളി പുതപ്പിലേക്ക് തീ പടരുകയും വീട് മുഴുവന്‍ അഗ്നിക്കിരയാവുകയുമായിരുന്നു. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും കനത്ത പുക കാരണം രക്ഷാ പ്രവര്‍ത്തനം ദുഷ്ക്കരമായിരുന്നു. ഏകദേശം ഒരു മണിക്കൂര്‍ പരിശ്രമിച്ച ശേഷമാണ് തീ അണയ്ക്കാന്‍ സാധിച്ചത്. ഗുരുഗ്രാമില്‍ തന്നെയുള്ള ഒരു പെട്രോള്‍ പമ്ബില്‍ ചായക്കട നടത്തുകയായിരുന്നു മരണമടഞ്ഞ സുരേഷ് സാഹു. മക്കളായ മനോജും സരോജും അതേ ചായക്കടയില്‍ ജോലി ചെയ്യുകയായിരുന്നു. അനുജ് വിദ്യാര്‍ത്ഥിയാണ്.

 

 

ഇവര്‍ കിടന്നുറങ്ങിയിരുന്ന മുറിക്ക് പുറത്തായിരുന്നു സ്കൂട്ടര്‍ വച്ചിരുന്നതെന്നും മുറിക്കുള്ളില്‍ നിന്നുമായിരുന്നു ചാര്‍ജ് ചെയ്തിരുന്നതെന്നം സംഭവം അന്വേഷിക്കുന്ന ഗുരുഗ്രാം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ കുല്‍ദീപ് ദാഹിയ പറഞ്ഞു. സ്കൂട്ടര്‍ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമല്ലെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കുല്‍ദീപ് പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top