Kerala

1,441 യൂണിറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ തിരിച്ചുവിളിക്കുമെന്ന് ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഒല

ന്യൂഡൽഹി:ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിക്കുന്നുവെന്ന വാർത്തകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ 1,441 യൂണിറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ തിരിച്ചുവിളിക്കുമെന്ന് പ്രമുഖ ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഒല. മാർച്ച് 26ന് പൂനെയിലുണ്ടായ തീപിടിത്തം അന്വേഷിക്കുകയാണെന്നും ഒറ്റപ്പെട്ട സംഭവമായിട്ടാണ് വിലയിരുത്തുന്നതെന്നും കമ്പനി അധികൃതർ അറിയിച്ചു. മുൻകരുതൽ നടപടി‌യു‌ടെ ഭാ​ഗമായിട്ടാണ് സ്കൂട്ടറുകൾ തിരിച്ചുവിളിക്കുന്നത്. പരാതിയുയർന്ന ബാച്ചിലെ സ്കൂട്ടറുകളുടെ വിശദമായ ഡയഗ്നോസ്റ്റിക്, സുരക്ഷാ പരിശോധന നടത്തുമെന്നും അതുകൊണ്ടു തന്നെ 1,441 സ്കൂട്ടറുകൾ സ്വമേധയാ തിരിച്ചുവിളിക്കുകയാണെന്നും കമ്പനി അറിയിച്ചു.

സ്‌കൂട്ടറുകൾ ഞങ്ങളുടെ സർവീസ് എഞ്ചിനീയർമാർ പരിശോധിക്കും. എല്ലാ ബാറ്ററി സിസ്റ്റങ്ങളിലും തെർമൽ സിസ്റ്റങ്ങളിലും സുരക്ഷാ സംവിധാനങ്ങളിലുമുള്ള സമഗ്രമായ പരിശോധന നടത്തും. യൂറോപ്യൻ സ്റ്റാൻഡേർഡ് ഇസിഇ 136-ന് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. തങ്ങളുടെ ബാറ്ററി സംവിധാനം എഐഎസ് 156 മാനദണ്ഡം അനുസരിച്ച് പരീക്ഷിച്ചിട്ടുണ്ടെന്നും ഒല ഇലക്ട്രിക് പറഞ്ഞു. രാജ്യത്തെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് വാഹനങ്ങൾ നിർമിക്കുന്നതെന്നും കമ്പനി അറിയിച്ചു.

 

അടുത്തിടെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ വാഹന നിർമ്മാതാക്കളെ ആശങ്ക‌യിലാക്കുന്നു. ഒകിനാവ ഓട്ടോടെക് 3,000 യൂണിറ്റുകൾ തിരിച്ചുവിളിച്ചു. പ്യുവർ ഇവിയും 2,000 യൂണിറ്റുകൾ തിരിച്ചുവിളിച്ചു. വാഹനങ്ങൾക്ക് തീപിടിക്കുന്ന പശ്ചാത്തലത്തിൽ ഇത്തരം സംഭവങ്ങൾ പരിശോധിക്കാൻ പാനൽ രൂപീകരിക്കുമെന്നും കമ്പനികൾ അശ്രദ്ധ കാണിച്ചാൽ പിഴ ചുമത്തുമെന്നും കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top