Kerala

വിലാപ യാത്രയിൽ കണ്ട ആൾക്കൂട്ടം വോട്ടായി മാറില്ല, തൃക്കാക്കരയല്ല പുതുപ്പള്ളി; ആവർത്തിച്ച് ഇ പി ജയരാജൻ

കോട്ടയം: സഹതാപ തരംഗം മുതലാക്കി വോട്ട് നേടാനാണ് യുഡിഎഫ് ശ്രമിക്കുന്നത് എന്ന് ശക്തമായി വിമർശിച്ചുകൊണ്ട് ഇപി ജയരാജൻ. യുഡിഎഫ് പുതുപ്പള്ളിയിൽ അനുകമ്പയും സഹതാപതരംഗവും ഉണ്ടാക്കാൻ ഇവന്റ് മാനേജ്മെന്റ് പദ്ധതി നടത്തുന്നെന്നാണ് എൽഡി എഫ് കൺവീനർ ഇപി ജയരാജൻ പറഞ്ഞത്. തൃക്കാക്കരയല്ല പുതുപ്പള്ളിയെന്നും വിലാപ യാത്രയിൽ കണ്ട ആൾക്കൂട്ടം വോട്ടായി മാറില്ലെന്നും അദ്ദേഹം ശക്തമായി വിമർശിച്ചുകൊണ്ട് പറഞ്ഞു. സങ്കുചിത രാഷ്ട്രീയം പറയേണ്ട ആളല്ല മുഖ്യമന്ത്രിയെന്നും അത് പറയാൻ തങ്ങളുണ്ടെന്നും ഇ പി ജയരാജൻ കൂട്ടി ചേർത്തു.

പുതുപ്പള്ളിയിൽ ജയിക്കാനാവുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ഇപി വ്യക്തമാക്കി. ദേശീയ രാഷ്ട്രീയവും കേരളത്തിന്റെ സ്ഥിതിഗതികളും പുതുപ്പള്ളിയുടെ രാഷ്ട്രീയവും പരിഗണിച്ചാൽ ഇവിടെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി മികച്ച ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. മികച്ച ഭൂരിപക്ഷത്തിൽ ജയിക്കാനാവും. തൃക്കാക്കരയിൽ നിന്ന് വ്യത്യസ്തമായ സ്ഥിതിഗതികളാണ് ഇന്നുള്ളത്.

യുഡിഎഫിന് മറ്റൊരു കാര്യവും ജനത്തോട് പറയാനില്ലാത്തത് കൊണ്ടാണ് മരണത്തെ വോട്ടാക്കാൻ ശ്രമിക്കുന്നത്. രാഷ്ട്രീയം പറഞ്ഞിട്ടല്ല മത്സരിക്കുന്നത്. മരണപ്പെട്ടയാളെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി അടിസ്ഥാനരഹിതമായ വാദങ്ങൾ ഉന്നയിച്ച് ഉയർത്തിക്കൊണ്ടുവരുന്നത് ശരിയായ നടപടിയല്ല. മരണം അനുകമ്പയാക്കി മാറ്റി ആ സഹതാപ തരംഗത്തെ വച്ച് വോട്ട് നേടാനാണ് യുഡിഎഫ് പരിശ്രമിക്കുന്നത്. അതിന് വേണ്ടിയുള്ള ഇവന്റ് മാനേജ്മെന്റ് പദ്ധതി ഉമ്മൻചാണ്ടി മരിച്ച ശേഷം പുതുപ്പള്ളിയിൽ അവർ നടപ്പിലാക്കി. അത് ഇവിടുത്തെ ജനം നല്ലത് പോലെ തിരിച്ചറിഞ്ഞ് കഴിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top