ഡൽഹിയിൽ കടുത്ത ചൂട് തുടരുന്നു. ഇന്ന് അന്തരീക്ഷ താപനില 45 ഡിഗ്രി സെൽഷ്യസിന് മുകളിലേയ്ക്ക് ഉയരാൻ സാധ്യത ഉണ്ട് എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പൊതുജനങ്ങൾ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കാനും, നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കാനും നിർദ്ദേശമുണ്ട്. പ്രത്യേകിച്ച് മുതിർന്നവരും കുട്ടികളും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

അതേസമയം, ഇന്ന് വൈകുന്നേരം ഡൽഹിയിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയും കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പുണ്ട്. ജൂൺ 13 മുതൽ, ഉഷ്ണതരംഗം ഒരു പരിധിവരെ കുറഞ്ഞേക്കാം. ജൂൺ 14 മുതൽ 17 വരെ ഡൽഹിയിൽ താപനില 37-42 ഡിഗ്രി സെൽഷ്യസായി കുറയാനും നേരിയതോ മിതമായതോ ആയ മഴയും ശക്തമായ കാറ്റും ഉണ്ടാകാനും സാധ്യതയുണ്ട്.

