India

തരൂരിനെ പ്രധാന മന്ത്രി വിളിപ്പിച്ചു :തരൂർ “കൈ” വിട്ട കളിക്കോ

കോൺ​ഗ്രസ് നേതാവ് ശശി തരൂർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച്ച നടത്തി. തരൂരിനെ പ്രധാനമന്ത്രി വിളിപ്പിക്കുകയായിരുന്നുവെന്ന് ഉന്നത വൃത്തങ്ങൾ പറയുന്നു. അമേരിക്കയിൽ നടത്തിയ കൂടിക്കാഴ്ചകളുടെ വിശദാംശങ്ങൾ തരൂർ മോദിയെ അറിയിച്ചതായാണ് വിവരം. തരൂർ നൽകിയ റിപ്പോർട്ടിൻറെ അടിസ്ഥാനത്തിലാണ് കൂടിക്കാഴ്ച നടന്നത്.വിദേശരാജ്യങ്ങളുമായുള്ള ആശയവിനിമയവുമായി ബന്ധപ്പെട്ട് പ്രത്യേക പദവി ശശി തരൂരിന് കേന്ദ്രസര്‍ക്കാര്‍ നല്‍കിയേക്കുമെന്ന ഊഹാപോഹങ്ങള്‍ സജീവമാണ്. വിദേശപര്യടനം കഴിഞ്ഞ് തിരിച്ചെത്തിയ തരൂരുമായി കൂടിക്കാഴ്ച നടത്താന്‍ കോണ്‍ഗ്രസ് നേതൃത്വം തയ്യാറായില്ലെന്ന റിപ്പോർട്ടുകൾക്കിടെയാണ് മോദിയുമായുള്ള കൂടിക്കാഴ്ച.

അമേരിക്ക അടക്കം അഞ്ചു രാജ്യങ്ങളിലേക്ക് പോയ സര്‍വകക്ഷി സംഘത്തെ ശശി തരൂരാണ് നയിച്ചിരുന്നത്. തരൂര്‍ സംഘം കൂടി എത്തിയശേഷം വിദേശരാജ്യങ്ങളിലേക്ക് പോയ സര്‍വകക്ഷി സംഘങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി വിരുന്ന് നല്‍കിയിരുന്നു. ഈ വിരുന്നിനിടെ ശശി തരൂര്‍ ഒരു റിപ്പോര്‍ട്ട് പ്രധാനമന്ത്രിക്ക് കൈമാറിയിരുന്നു.വിദേശ സന്ദര്‍ശനത്തിനിടെയുണ്ടായ സ്ഥിതിഗതികള്‍ അടക്കം ഉള്‍പ്പെടുത്തിയാണ് തരൂര്‍ റിപ്പോര്‍ട്ട് നല്‍കിയത്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാന്‍ വേണ്ടിയാണ് തരൂരിനെ പ്രധാനമന്ത്രി വിളിപ്പിച്ചതെന്നാണ് ഉന്നത സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. പ്രത്യേക പദവി നല്‍കുന്നത് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായില്ലെന്നാണ് സൂചന.

ജി 7 ഉച്ചകോടിക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി ഞായറാഴ്ച പോകുകയാണ്. ഈ സാഹചര്യത്തില്‍ ഭീകരതയ്‌ക്കെതിരായി പാകിസ്ഥാനില്‍ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിയ്ക്ക് ശേഷമുള്ള ലോകരാജ്യങ്ങളുടെ നിലപാട് അടക്കം കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായാണ് വിവരം. അതേസമയം തരൂര്‍- പ്രധാനമന്ത്രി കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് നേതൃത്വം പ്രതികരിച്ചിട്ടില്ല. വിദേശനയത്തില്‍ തരൂരിന്റെ അഭിപ്രായത്തോടുള്ള വിയോജിപ്പ് തുടരാനും തരൂര്‍ സ്വീകരിക്കുന്ന രാഷ്ട്രീയ നിലപാട് നിരീക്ഷിക്കാനുമാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top