തിരുവനന്തപുരം: വിദ്യാർത്ഥിനി വീടിനുള്ളില്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി മരിച്ചു. തിരുവനന്തപുരം നടുക്കാട് ഒലിപ്പുനട ഓംകാരില്‍ സുരേഷ് – ദിവ്യ ദമ്പതികളുടെ മകളും കെെമനം വനിതാ പോളിടെക്നിക്കിലെ രണ്ടാം വർഷ വിദ്യാർത്ഥിനിയുമായ മഹിമ സുരേഷാണ് (19) മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം നടന്നത്. മഹിമ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

വീടിനുള്ളില്‍ നിന്ന് പുകയും നിലവിളിയും കേട്ടാണ് നാട്ടുകാർ ഓടിയെത്തിയത്. മുൻവശത്തെയും പുറകുവശത്തെയും വാതിലുകള്‍ പൂട്ടിയനിലയിലായിരുന്നു. തുടർന്ന് നാട്ടുകാർ പുറകുവശത്തെ വാതില്‍ പൊളിച്ച് അകത്തുകയറി മഹിമയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വീടിന്റെ അടുക്കളയിലാണ് മഹിമ ഉണ്ടായിരുന്നത്. മൃതദേഹം മെഡിക്കല്‍ കോളേജ് മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തില്‍ നരുവാമൂട് പൊലീസ് കേസെടുത്തു. മാളവിക സുരേഷാണ് സഹോദരി.

