Health

സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ല:കർശന നിയന്ത്രണങ്ങൾ :നാളെ മുതൽ സ്‌കൂളുകൾ അടയ്ക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനിച്ച് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള കൊവിഡ് അവലോകനയോഗം. രോഗവ്യാപനം കുതിച്ചുകയറുന്നുണ്ടെങ്കിലും സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഉണ്ടാകില്ല.

നാളെ മുതല്‍ സ്‌കൂളുകള്‍ പൂര്‍ണമായും അടച്ചിടാന്‍ തീരുമാനിച്ചു. 10, 11, 12 ക്ലാസുകളും ഇനി ഓണ്‍ലൈനായിരിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സയിലായതിനാല്‍ ഓണ്‍ലൈനായാണ് യോഗത്തില്‍ പങ്കെടുത്തത്.ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അടക്കം എല്ലാ മന്ത്രിമാരും ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും മറ്റ് സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു.

കൊവിഡ് പരിശോധനാഫലം സമയബന്ധിതമായി നൽകണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് (Veena George) നിർദ്ദേശിച്ചു. കൊവിഡ് സർവയലൻസ് കമ്മിറ്റിയിൽ സ്വകാര്യ ആശുപത്രികളെയും ഉൾപ്പെടുത്തി. സർവയലൻസ് കമ്മിറ്റി കൊവിഡ് പൊസിറ്റിവ് ആയവരുടെ വിവരങ്ങൾ തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകും. ഹോസ്പിറ്റൽ മാനേജുമെന്റ് കമ്മിറ്റികളും ശക്തിപ്പെടുത്തി. കൊവിഡ് രോഗികളുടെ വാക്സിനേഷൻ അവസ്ഥ, ചികിത്സ, ഡിസ്ചാർജ് അടക്കം ഈ കമ്മിറ്റികൾ നിരീക്ഷിക്കും. കൂടുതൽ ഫീൽ‌ഡ് ആശുപത്രികൾ സജ്ജമാക്കും.

സംസ്ഥാനത്തെ കൊവിഡ് അതിതീവ്ര വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രിയുടെ നേതൃത്വത്തില്‍ സ്റ്റേറ്റ് റാപ്പിഡ് റെസ്‌പോണ്‍സ് ടീമിന്റെ അടിയന്തര യോഗം ഇന്ന് ചേർന്നു. കൊവിഡ്, ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ രൂപീകരിച്ച സര്‍വയലന്‍സ്, ഇന്‍ഫ്രാസ്‌ടെക്ച്ചര്‍ ആന്റ് ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, മെറ്റീരിയല്‍ മാനേജ്‌മെന്റ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ ആന്റ് ഓക്‌സിജന്‍, വാക്‌സിനേഷന്‍ മാനേജ്‌മെന്റ്, പോസ്റ്റ് കൊവിഡ് മാനേജ്‌മെന്റ് തുടങ്ങിയ 12 സംസ്ഥാനതല ആര്‍ആര്‍ടി കമ്മിറ്റികളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

കൊവിഡ് പരിശോധനാ ഫലം വൈകാതിരിക്കാന്‍ ജില്ലാതല ടീമിനെ നിയോഗിച്ചിട്ടുണ്ട്. പരിശോധന അടിസ്ഥാനമാക്കി സര്‍വയലന്‍സ് ശക്തമാക്കും. ഹോസ്പിറ്റല്‍ സര്‍വയലന്‍സ്, ട്രാവല്‍ സര്‍വയലന്‍സ്, കമ്മ്യൂണിറ്റി സര്‍വയലന്‍സ് എന്നിവയ്ക്ക് പ്രാധാന്യം നല്‍കും. വിദഗ്ധ ഗൃഹ പരിചരണം ഉറപ്പാക്കാന്‍ നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

ആശുപത്രികളില്‍ ഒരുക്കിയിരിക്കുന്ന അടിസ്ഥാന സൗകര്യങ്ങളും യോഗത്തിൽ ചര്‍ച്ചയായി. മള്‍ട്ടി ലെവല്‍ ആക്ഷന്‍ പ്ലാന്‍ അനുസരിച്ച് രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് കൂടുതല്‍ ഫീല്‍ഡ് ആശുപത്രികള്‍ സജ്ജമാക്കുന്നതാണ്. ആവശ്യമാണെങ്കില്‍ ആയുഷ് വകുപ്പ് ജീവനക്കാരുടെ സേവനം കൂടി ഉപയോഗപ്പെടുത്തുന്നതാണ്.

സുരക്ഷാ ഉപകരണങ്ങള്‍ക്കും മരുന്നുകള്‍ക്കും ക്ഷാമമില്ല. ഓക്‌സിജന്‍ കരുതല്‍ ശേഖരമുണ്ടെങ്കിലും ഓക്‌സിജന്‍ സാഹചര്യം നിരന്തരം നിരീക്ഷിക്കും. കൂടുതല്‍ ആംബുലന്‍സ് സൗകര്യം സജ്ജമാക്കും. സംസ്ഥാനത്ത് വാക്‌സിന്‍ സ്റ്റോക്കുണ്ട്. പോസ്റ്റ് കൊവിഡ് മാനേജ്‌മെന്റ് ശക്തിപ്പെടുത്തും. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍വരെ പോസ്റ്റ് കൊവിഡ് ചികിത്സ ലഭ്യമാണ്. ഒമിക്രോണ്‍ സാഹചര്യത്തില്‍ സമയബന്ധിതമായി താഴെത്തട്ടുവരെ പരിശീലനം പൂര്‍ത്തിയാക്കണം. ഓരോ ആശാവര്‍ക്കര്‍മാരിലും പരിശീലനം എത്തിയെന്ന് ഉറപ്പ് വരുത്തും.

ആശുപത്രി ജീവനക്കാര്‍ക്ക് കൊവിഡ് പടരാതിരിക്കാന്‍ മുന്‍കരുതലുകള്‍ സ്വീകരിക്കണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ബൂസ്റ്റര്‍ ഡോസ് വേഗത്തില്‍ നല്‍കും. ആശുപത്രിയിലെ അണുബാധ നിയന്ത്രണത്തിന് വലിയ പ്രാധാന്യം നല്‍കണം. പനിയും മറ്റ് കോവിഡ് രോഗ ലക്ഷണങ്ങളുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കൊവിഡ് പരിശോധന നടത്തണം.

ഇ സഞ്ജീവനി ശക്തിപ്പെടുത്തും. രോഗികളുടെ എണ്ണം കൂടിയതിനാല്‍ കൂടുതല്‍ ഡോക്ടര്‍മാരെ നിയമിക്കുന്നതാണ്. കോവിഡ് ഒപിയില്‍ ദിവസവും 1200 ഓളം പേരാണ് ചികിത്സ തേടുന്നത്. കാത്തിരിപ്പ് സമയം ഒരു മിനിറ്റില്‍ താഴെയാക്കും. രോഗികള്‍ക്ക് മാനസിക പിന്തുണ ഉറപ്പാക്കാന്‍ മാനസികാരോഗ്യ ടീമിനെ കൂടുതല്‍ ശക്തിപ്പെടുത്തും. ആരോഗ്യ വകുപ്പിന്റെ പ്രവര്‍ത്തനങ്ങളെ ആര്‍ആര്‍ടി നിരന്തരം നിരീക്ഷിക്കും. സ്ഥിതിഗതികള്‍ ദിവസവും അവലോകനം ചെയ്യാനും മന്ത്രി നിര്‍ദേശം നല്‍കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top