Health

സംസ്ഥാനത്ത് കോവിഡ് വ്യാപനം; ആവശ്യത്തിന് ആരോഗ്യപ്രവർത്തകരില്ല; കെജിഎംഒഎ

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനവും പകർച്ചപ്പനി ബാധിതരുടെ എണ്ണവും ഉയരുമ്പോൾ സർക്കാർ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ആവശ്യത്തിന് ആരോഗ്യ പ്രവർത്തകർ ഇല്ലാത്തത് വൻ പ്രതിസന്ധി സൃഷ്ടിക്കുന്നു. രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടർമാരും നഴ്സുമാരും ഇല്ലെന്നും ഇത് തൊഴിൽ സമ്മർദ്ദം സൃഷ്ടിക്കുന്നെന്നും കെജിഎംഒഎ പറയുന്നു. ഇക്കാരണത്താൽ രോഗികള്‍ക്ക് മികച്ച സേവനം നല്‍കുന്നതിനും തടസ്സം ഉണ്ടാകുന്നുണ്ട്.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കുകയും സായാഹ്ന ഒപി തുടങ്ങുകയും പ്രധാന ആശുപത്രികളിലെല്ലാം സൂപ്പര്‍ സ്പെഷ്യാലിറ്റി സേവനം തുടങ്ങുകയും ചെയ്തത് സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്നവര്‍ക്കെല്ലാം വലിയ പ്രതീക്ഷ നല്‍കിയിരുന്നു. രോഗികളുടെ എണ്ണത്തിനും പുതിയ സേവനങ്ങള്‍ക്കും ആനുപാതികമായി ആരോഗ്യപ്രവര്‍ത്തകരില്ലാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധി. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, നഴ്സിംഗ് അസിസ്റ്റന്‍റുമാര്‍ എന്നിവരുടെയെല്ലാം എണ്ണക്കുറവ് ജോലി ചെയ്യുന്നവരെ കടുത്ത തൊഴില്‍ സമ്മര്‍ദ്ദത്തിലേക്ക് തള്ളി വിടുന്ന പ്രശ്നം സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ ഏറെ നാളുകളായി ഉന്നയിക്കുന്നതാണ്. കൊവിഡ് കേസുകളും പകര്‍ച്ചപനി അടക്കമുളള രോഗങ്ങളുമായി കൂടുതലാളുകള്‍ എത്തുന്ന സാഹചര്യത്തില്‍ പ്രശ്നം സര്‍ക്കാര്‍ ഗൗരവത്തോടെ പരിഗണിക്കണമെന്ന ആവശ്യമാണ് സംഘടന ആവര്‍ത്തിക്കുന്നത്.
സംസ്ഥാനത്ത് മെഡിക്കല്‍ കോളജുകള്‍ ഒഴികെയുളള സര്‍ക്കാര്‍ ആശുപത്രികളിലും ആരോഗ്യ കേന്ദ്രങ്ങളിലും ആകെയുളള ഡോക്ടര്‍മാരുടെ തസ്തിക 6164 ആണ്. കേരളത്തിലാകെ 80000ല്‍ അധികം ഡോക്ടര്‍മാര്‍ പ്രാക്ടീസ് ചെയ്യുന്നതില്‍ എട്ട് ശതമാനം മാത്രമാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ ജോലി ചെയ്യുന്നത്. എന്നാല്‍ ജനസംഖ്യയില്‍ പകുതിയിലേറെ പേരും ആശ്രയിക്കുന്നതാകട്ടെ ഇതേ സര്‍ക്കാര്‍ ആശുപത്രികളെയും. സ്വാഭാവികമായും ഓരോ രോഗിക്കും ആവശ്യമായ സമയം നല്‍കുന്നതിനോ കൃത്യമായ രോഗനിര്‍ണയം നടത്തുന്നതിനോ കഴിയാത്ത സാഹചര്യമാണ് പലയിടത്തും.
നഴ്സുമാരുടെ സ്ഥിതിയും വ്യത്യസ്തമല്ല. ഐസിയുവില്‍ ഒരു രോഗിക്ക് ഒരു നഴ്സ് എന്നതാണ് കണക്കെങ്കിലും ഐസിയുവിലെ മുഴുവന്‍ രോഗികളയും പരിചരിക്കാന്‍ ഒന്നോ രണ്ടോ നഴ്സുമാര്‍ എന്ന സ്ഥിതി പലയിടത്തുമുണ്ട്. ഓപ്പറേഷന്‍ തിയേറ്ററില്‍ തുടര്‍ച്ചയായി ഡ്യൂട്ടി ചെയ്യേണ്ടി വരുന്നവരും നിരവധി. കൃത്യമായ ഭക്ഷണമോ വിശ്രമോ പോലും ഇല്ലാത്ത സാഹചര്യം. ആശുപത്രി വികസന സമിതികള്‍ താത്കാലികമായി നിയമിച്ചവരെ പിരിച്ച് വിട്ടയിടങ്ങളില്‍ മാസങ്ങളായിട്ടും പുതിയ നിയമനം നടത്താത്തതും പ്രതിസന്ധ ഇരട്ടിയാക്കുന്നു.
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top