Crime

ഒറ്റപ്പാലത്ത്ഡി വൈ എഫ് ഐ ക്കാർ സുധാകരന്റെ ചിത്രമുള്ള ബോർഡ് നശിപ്പിച്ചു,യൂത്ത് കോൺഗ്രസുകാർ കേരള ബാങ്കിന് കല്ലെറിഞ്ഞു

 

മലപ്പുറം: ഇടുക്കിയില്‍ എഞ്ചിനിയറിംഗ് കോളേജിലെ എസ്എഫ്‌ഐ വിദ്യാര്‍ത്ഥി ധീരജിന്റെ കൊലപാതകത്തിന് പിന്നാലെ എസ്എഫ്‌ഐ, ഡിവൈഎഫ് ഐ, സിപിഎം പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം സംസ്ഥാനത്തിന്റെ പലയിടത്തും സംഘര്‍ഷാവസ്ഥയിലേക്കെത്തി. പലയിടത്തും യൂത്ത് കോണ്‍ഗ്രസ്-ഡിവൈഎഫ് ഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. മലപ്പുറത്തും പത്തനംതിട്ടയിലും കൊല്ലത്തും, കോഴിക്കോട് പേരാമ്പ്രയിലും പാലക്കാട് ഒറ്റപ്പാലത്തും സംഘര്‍ഷവും പാര്‍ട്ടി ഓഫീസുകള്‍ക്ക് നേരെ ആക്രമണവുമുണ്ടായി.പാലക്കാട് ഒറ്റപ്പാലത്ത് കേരള ബാങ്കിന് നേരെ കല്ലേറുണ്ടായി. ബാങ്കിന്റെ സായാഹ്ന ശാഖ ഓഫീസിന്റെ ചില്ലുകള്‍ തകര്‍ന്നു. കല്ലെറിഞ്ഞത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ-എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധത്തിനിടെ കെ സുധാകരന്റെ ചിത്രമുള്ള ബോര്‍ഡ് നശിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേരള ബാങ്കിന് നേരെ കല്ലേറുണ്ടായത്.

മലപ്പുറത്ത് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ പങ്കെടുക്കുന്ന കോണ്‍ഗ്രസ് മേഖലാ കണ്‍വന്‍ഷനിലേക്ക് എസ്എഫ്‌ഐ, ഡിവൈഎഫ്‌ഐ, സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചെത്തിയതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്. ആദ്യം എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് പ്രതിഷേധ മാര്‍ച്ച് നടത്തിയത്. ചെറിയ തോതില്‍ സംഘര്‍ഷാവസ്ഥയുണ്ടായതോടെ പൊലീസ് ഇടപെട്ടു. ഇതോടെ പ്രവര്‍ത്തകര്‍ പിരിഞ്ഞുപോയി. പിന്നാലെ ഡിവൈഎഫ്‌ഐ -സിപിഎം പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചെത്തി. സുധാകരനെതിരെ മുദ്രാവാക്യം വിളികളുയര്‍ന്നതോടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും സംഘടിച്ചെത്തി തിരികെ മുദ്രാവാക്യം പിണറായി വിജയനും കോടിയേരിക്കുമെതിരെ മുദ്രാവാക്യം വിളിച്ചു. രണ്ട് വിഭാഗവും പ്രകോപനപരമായി മുദ്രാവാക്യം വിളിച്ചതോടെ സംഘര്‍ഷാവസ്ഥ വര്‍ധിച്ചു. പൊലീസ് ഇടപെട്ട് ഇരുവിഭാഗം പ്രവര്‍ത്തകരെയും മാറ്റി. മലപ്പുറം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പുചെയ്യുകയാണ്.

 

കൊല്ലം പുനലൂരില്‍ എസ് എഫ് ഐ നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ സംഘര്‍ഷമുണ്ടായി.കോണ്‍ഗ്രസിന്റെ കൊടിമരങ്ങള്‍ നശിപ്പിച്ചു. ചവറയില്‍ എന്‍.കെ.പ്രേമചന്ദ്രന്‍ എം പിയുടെ വാഹനം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന് പരാതിയുയര്‍ന്നു. ഇടുക്കി കൊലപാതകത്തില്‍ പ്രതിഷേധിച്ച് നടന്ന പ്രകടനത്തില്‍ പങ്കെടുത്ത ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ വാഹനം തകര്‍ക്കാന്‍ ശ്രമിച്ചെന്നാണ് ആരോപണം. പൊലീസ് സ്ഥലത്തെത്തി പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു.

 

പത്തനംതിട്ടയിലും സംഘര്‍ഷമുണ്ടായി. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേര്‍ക്കുനേര്‍ വന്നു. എന്നാല്‍ പൊലീസ് ഇടപെട്ട് തടഞ്ഞു. പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. അതേ സമയം, കോഴിക്കോട് പേരാമ്പ്രയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ കല്ലേറുണ്ടായി. എസ് എഫ് ഐയുടെ പ്രകടനത്തിന് ശേഷമായിരുന്നു സംഭവം. ഓഫീസിന്റെ വാതില്‍ ഗ്ലാസും ജനല്‍ചില്ലും കല്ലേറില്‍ തകര്‍ന്നു.

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top