ആലപ്പുഴയിലെ ബിജെപി നേതാവ് രൺജീത് ശ്രീനിവാസ്, എസ്ഡിപിഐ നേതാവ് കെ.എസ്.ഷാൻ എന്നിവരുടെ കൊലപാതകങ്ങളിൽ 4 പേർ കൂടി പോലീസ് അറസ്റ്റിൽ.രൺജീതിന്റെ കൊലപാതകത്തിൽ നേരിട്ടു പങ്കാളികളായ 2 പേർ ഉൾപ്പെടെ മൂന്നു പേരും ഷാൻ വധക്കേസിൽ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച ഒരാളുമാണ് ഇന്നലെ അറസ്റ്റിലായത്. രൺജീത് വധത്തിൽ നേരിട്ട് പങ്കാളിത്തമുള്ള മണ്ണഞ്ചേരി സ്വദേശികളായ എസ്ഡിപിഐ പ്രവർത്തകരെക്കുറിച്ചുള്ള വിവരങ്ങൾ കേസിന്റെ തുടരന്വേഷണത്തെ ബാധിക്കുമെന്നതിനാൽ ഇപ്പോൾ പുറത്തുവിടില്ലെന്നു പൊലീസ് മാധ്യമങ്ങളോട് പറഞ്ഞു.

പ്രതികളെ ഇന്നു കോടതിയിൽ ഹാജരാക്കും.ഈ കേസിൽ പ്രധാന പ്രതികളിലൊരാളെ രക്ഷപ്പെടാൻ സഹായിച്ചതിനും തെളിവു നശിപ്പിച്ചതിനും എസ്ഡിപിഐ പ്രവർത്തകൻ ആലപ്പുഴ മുല്ലാത്ത് ഷീജ മൻസിലിൽ സുഹൈൽ (24) ആണ് അറസ്റ്റിലായത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 14 ആയി. ഷാൻ വധക്കേസിൽ പ്രതികളെ രക്ഷപ്പെടാൻ സഹായിച്ച തണ്ണീർമുക്കം പഞ്ചായത്ത് ആറാം വാർഡ് ഇത്തിച്ചിറയിൽ സുരേഷ് ബാബു (48) ആണ് ഇന്നലെ അറസ്റ്റിലായത്.ഇയാളെ റിമാൻഡ് ചെയ്തു.

