Kerala

എ ഐ ക്യാമറകൾ കണ്ടെത്തുന്ന ട്രാഫിക് നിയമലംഘനങ്ങൾക്ക് മെയ് 19 വരെ പിഴയീടാക്കില്ല; നടപടി ഒരു മാസം ജനങ്ങൾക്ക് ബോധവത്കരണം നൽകുന്നതിനായിട്ടെന്ന് ​ഗതാ​ഗത മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എ ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ) ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ക്യാമറകള്‍ വഴി ട്രാഫിക് നിയമലംഘനങ്ങൾ കണ്ടെത്തുന്ന പദ്ധതിയിൽ ആദ്യത്തെ ഒരു മാസം ബോധവത്കരണം നൽകുമെന്ന് ഗതാഗത മന്ത്രി. പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മെയ് 19 വരെ പിഴയീടാക്കില്ലെന്നാണ് തീരുമാനം. ക്യാമറകൾക്കായി പുതിയ നിയമം കൊണ്ടുവന്നിട്ടില്ലെന്ന് പറഞ്ഞ മന്ത്രി നിയമനം പാലിക്കുന്നവർ പേടിക്കേണ്ടതില്ലെന്നും വ്യക്തമാക്കി. നിയമം തെറ്റിക്കുന്നവർക്ക് ഫോണിൽ സന്ദേശമെത്തുമെന്ന് മന്ത്രി പറഞ്ഞു. വേണ്ടത്ര ബോധവത്കണം ഉണ്ടായില്ലെന്ന പരാതിയെ തുടർന്നാണ് ഒരു മാസം ബോധവത്കരണത്തിനായി മാറ്റിവെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എഐ ക്യാമറകൾ നിലവിലുളള സ്ഥലത്ത് നിന്നും മറ്റിടങ്ങളിലും മാറ്റി സ്ഥാപിക്കുമെന്ന് മന്ത്രി പറഞ്ഞു. ഡിജിറ്റൽ ലൈസൻസിലേക്ക് മാറ്റാൻ അടുത്ത ഒരു വർഷത്തേക്ക് 200 രൂപയും പോസ്റ്റൽ ചാർജും അടച്ചാൽ മതി. ഒരു വർഷം കഴിഞ്ഞാൽ 1500 രൂപയും പോസ്റ്റൽ ചാർജും നൽകേണ്ടി വരും. റോഡുകൾ നല്ല നിലവാരത്തിലായതിനാൽ വേഗത്തിന്റെ കാര്യത്തിൽ പുതിയ ഉത്തരവുണ്ടാകുമെന്നും മന്ത്രി.

സംസ്ഥാനത്ത് ആദ്യമായാണ് നിർമ്മിത ബുദ്ധി ക്യാമറകള്‍ വഴി നിയമലംഘനം പിടികൂടി പിഴയീടാക്കുന്നത്. നഗര- ഗ്രാമ വ്യത്യസമില്ലാതെ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. അനധികൃത പാർക്കിംഗിനാണ് ഏറ്റവും കുറഞ്ഞ പിഴത്തുക, 250 രൂപ. അമിതവേഗം, സീറ്റ് ബെൽറ്റും- ഹെൽമറ്റും ധരിക്കാതെയുളള യാത്ര, ഡ്രൈവ് ചെയ്യുമ്പോഴുളള മൊബൈൽ ഉപയോഗം, രണ്ടുപേരിൽ കൂടുതൽ ഇരുചക്ര വാഹനത്തിൽ യാത്ര ചെയ്യുന്നത്, റെഡ് ലൈറ്റ് മറികടക്കൽ എന്നിവയാണ് എഐ ക്യാമറകള്‍ പിടികൂടുന്നത്. ട്രെയൽ റണ്‍ നടത്തിയപ്പോള്‍ പ്രതിദിനം 95,000 വരെ നിയമ ലംഘങ്ങള്‍ കണ്ടെത്തിയിരുന്നു.

ഇത്തരത്തിൽ നിയമ ലംഘനങ്ങള്‍ ആവർത്തിച്ചാൽ കോടികളാകും പിഴയിലൂടെ സർ‍ക്കാർ ഖജനാവിലേക്കെത്തുക. നിയമലംഘനം ക്യാമറ പിടികൂടിയാൽ ഉടൻ വാഹന ഉടമയുടെ മൊബൈലേക്ക് പിഴയടക്കാനുള്ള സന്ദേശമെത്തും. ഒരാഴ്ചക്കുള്ളിൽ പോസ്റ്റിലൂടെ ഇ- ചെല്ലാനുമെത്തും. 30 ദിവസത്തിനുളളിൽ പിഴ അടച്ചില്ലെങ്കിൽ മോട്ടോർ വാഹന വകുപ്പ് നോട്ടീസയച്ച് തുടർ നടപടികളിലേക്ക് കടക്കും. ഇരുചക്രവാഹനങ്ങളിൽ രക്ഷിതാക്കള്‍ക്കൊപ്പം ഒരു കുട്ടിയാത്ര ചെയ്താലും പിഴ വീഴും. ബീക്കണ്‍ ലൈറ്റ് ഘടിപ്പിച്ച വാഹനങ്ങള്‍ക്ക് മാത്രമാണ് ഇളവുള്ളത്.

കെൽട്രോളാണ് ക്യാമറകള്‍ സ്ഥാപിച്ചിരിക്കുന്നത്. മൂന്നു വർഷത്തേക്ക് കെൽട്രോണുമായുള്ള കരാറുണ്ട്. കണ്‍ട്രോള്‍ റൂമിന്റെ പ്രവ‍‍ർത്തനവും ക്യാമറകളുടെ പരിപാലനവും കെൽട്രോണിന്റെ ചുമതലയാണ്. സംസ്ഥാന തലത്തിലും ജില്ലാ തലത്തിലും പ്രവർത്തിക്കുന്ന കണ്‍ട്രോള്‍ റൂം വഴിയാണ് പിഴ ചുമത്താനുള്ള ചെല്ലാനുകള്‍ നൽകുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top