Sports

കേരളാ ബ്ലാസ്റ്റേഴ്സിനോടുള്ള താരത്തിൻ്റെ ചതി; വെളിപ്പെടുത്തലുമായി മലയാളം കമൻ്റേറ്റർ ഷൈജു ദാമോദരൻ

കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിന്റെ മുൻ അർജന്റൈൻ താരമായ ഹോർഗെ പെരേര ദയാസിന്റെ ചതി വെളിപ്പെടുത്തി മലയാളം കമന്റേറ്റർ ഷൈജു ദാമോദരൻ. കരാർ പുതുക്കൽ പ്രക്രിയയ്ക്ക് ഇടയിൽ ക്ലബ്ബിനെ അറിയിക്കാതെയാണ് താരം വേറൊരു ക്ലബ്ബിലേക്ക് കൂടുവിട്ട് കൂടും കൂറും മാറിയതെന്ന് ഷൈജു പറഞ്ഞു.

 

ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 സീസണിലേക്കാണ് കേരളാ ബ്ലാസ്റ്റേഴ്‌സ് അർജന്റൈൻ താരം ഹോർഗെ പെരേര ഡയാസിനെ ക്ലബ്ബിലേക്കെത്തിച്ചത്. അർജന്റൈൻ ക്ലബ്ബായ പ്ലാട്ടേൺസിൽ നിന്നും ഒരു വർഷ ലോൺ അടിസ്ഥാനത്തിലാണ് താരം ഇന്ത്യയിൽ എത്തിയത്. 32 വയസുള്ള താരം 21 മത്സരത്തിൽ നിന്നും ബ്ലാസ്റ്റേഴ്സിനായി 8 ഗോളുകൾ നേടി ബ്ലാസ്‌റ്റേഴ്‌സിനെ ഫൈനൽ വരെ എത്തിക്കാൻ നിർണ്ണായക പങ്ക് വഹിച്ചിരുന്നു.

 

ആരാധകർക്ക് ഏറ്റവും പ്രിയപ്പെട്ട താരത്തിന്റെ ചതിയെ കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് ഷൈജു ദാമോദരൻ ഇപ്പോൾ പുറത്തു വിട്ടിട്ടുള്ളത്. ബ്ലാസ്റ്റേഴ്സിന്റെ കുന്തമുനയായിരുന്ന അൽവാരോ വാസ്‌കസിനെയും ഹോർഗെ പെരേര ഡയാസിനെയും നിലനിർത്താൻ ക്ലബ്ബ് പരിശ്രമിക്കുകയും നടപടിക്രമങ്ങളുമായി മുന്നോട്ട് പോവുകയും ചെയ്തിരുന്നു. 2021-22 സീസൺ അവസാനിച്ച ഉടൻ തന്നെ താരത്തെയും താരത്തിന്റെ ഏജന്റിനെയും ഡയാസിനെ നിലനിർത്താൻ താത്പര്യമുണ്ടെന്ന് കേരളാ ബ്ലാസ്റ്റേഴ്‌സ് അറിയിച്ചിരുന്നു. 70-75% വരെ വേതന വർധനവും ക്ലബ്ബ് മുന്നോട്ട് വെച്ചിരുന്നു ശേഷം കരാർ അയച്ചുകൊടുക്കുകയും ചെയ്തു. എന്നാൽ ക്ലബ്ബിനെയും ആരാധകരെയും ഏത് നേരവും പുകഴ്ത്തി പറഞ്ഞ ഡയാസ് കരാർ ഉടനെ ഒപ്പ് വെക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ക്ലബ്ബിന് തെറ്റി.

 

35 ദിവസമായിട്ടും ഏജന്റിന്റെയോ താരത്തിന്റെയോ മറുപടി ഒന്നും തന്നെ ക്ലബ്ബിന് ലഭിച്ചിരുന്നില്ല. മറുപടി ലഭിക്കാത്തതിനാൽ ക്ലബ്ബ് താരത്തെ കോണ്ടാക്ട് ചെയ്തപ്പോൾ 10 ദിവസ സമയം കൂടി താരം ആവശ്യപ്പെട്ടു. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും ബ്ലാസ്റ്റേഴ്സിന് മറുപടി ഒന്നും ലഭിച്ചിരുന്നില്ല. താരം ഇൻസ്റ്റാഗ്രാമിൽ പങ്ക് വെച്ച സ്റ്റോറികളിൽ ബ്ലാസ്റ്റേഴ്സിലേക്ക് മടങ്ങിയെത്തും എന്നുള്ള സൂചനകൾ നൽകിയിരുന്നു. ഇതിനാൽ ആരാധകരും സതോഷത്തിലായിരുന്നു എന്നാൽ ഇതെല്ലാം താരത്തിന്റെയും ഏജന്റിന്റെയും ബുദ്ധിപരമായ നീക്കമായിരുന്നെന്നാണ് മനസിലാക്കാൻ സാധിക്കുന്നത്. ഈ കാലയളവിൽ തന്നെ ക്ലബ്ബ് പുതിയ താരങ്ങളെ എത്തിക്കുന്നുണ്ടായിരുന്നു എങ്കിലും ഡയസ് എത്തുമെന്നും പ്രതീക്ഷിച്ചായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ അവസാനം വരെയുള്ള കാത്തിരിപ്പ്. എന്നാൽ പിന്നീട് ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ മുംബൈ സിറ്റിയിൽ കരാർ ഒപ്പുവെച്ചതായി ബ്ലാസ്റ്റേഴ്‌സ് മനസ്സിലാക്കുകയായിരുന്നു. പെട്ടന്ന് ഒരു രാത്രിയിൽ താരത്തിനെ ഔദ്യോഗികമായി മുമുബൈ സിറ്റി പ്രഖ്യാപിച്ചതും ആരാധകർക്ക് ഞെട്ടലായിരുന്നു.

 

നിരാശയിലാഴ്ന്ന ആരാധകർ താരത്തെ വിട്ട് കളഞ്ഞതാണെന്ന് വിമർശിച്ചിരുന്നു എന്നാൽ ക്ലബ്ബല്ല താരത്തെ വിട്ടു കളഞ്ഞത് താരമാണ് ബ്ലാസ്റ്റേഴ്‌സിനെ വിട്ട് കൂറ് മാറിയതെന്ന് ഷൈജു ദാമോദരൻ പറഞ്ഞു. തന്റെ യൂടുബ് ചാനലിലൂടെയാണ് താരത്തിന്റെ ഈ ചതി ഷൈജു ദാമോദരൻ വെളിച്ചത്ത് കൊണ്ടുവന്നത്. കഴിഞ്ഞ മത്സരത്തിൽ ബ്ലാസ്റ്റേഴ്സിനെതിരെ ഹോര്ഗെ പെരേര ഡയാസ് ഗോൾ നേടിയിരുന്നു എന്നാൽ ഗോൾ കഴിഞ്ഞുള്ള ആഘോഷം ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുക്കോമനോവിച്ചിനെ കളിയാക്കിയതാണെന്നും ഷൈജു അഭിപ്രായപ്പെട്ടു.

 

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top