Kerala

224 കിലോ ഭാരമുള്ള കൂറ്റൻ മരത്തടി തോളിലേറ്റി 64 മീറ്റർ ദൂരം ഒറ്റയ്ക്ക് നടന്നുതീർത്ത് 24-കാരനായ എൽദോസ് ബാഹുബലിയായി:എൽദോസ് തോൽപ്പിച്ചത് സ്വന്തം പിതാവിനെ 

ഇടുക്കി :തോപ്രാംകുടി: ഓണാഘോഷത്തിന്റെ ഭാഗമായി തോപ്രാംകുടിയിൽ സംഘടിപ്പിച്ച തടി പൊക്കൽ മത്സരത്തിൽ ഗ്രാമത്തെ ഒന്നടങ്കം ആവേശത്തിലാഴ്ത്തി അവിശ്വസനീയ പ്രകടനം. 224 കിലോ ഭാരമുള്ള കൂറ്റൻ മരത്തടി തോളിലേറ്റി 64 മീറ്റർ ദൂരം ഒറ്റയ്ക്ക് നടന്നുതീർത്ത് 24-കാരനായ എൽദോസ്. ബിജു മത്സരത്തിലെ വിജയിയായി, തോപ്രാംകുടിയുടെ ബാഹുബലി’ എന്ന വിശേഷണത്തോടെ സോഷ്യൽ മീഡിയയിലും കായിക പ്രേമികൾക്കിടയിലും തരംഗമായിരിക്കുകയാണ് ഈ ചെറുപ്പക്കാരൻ.

സാധാരണയായി നടക്കുന്ന മത്സരങ്ങളിൽ നിന്ന് വേറിട്ടുനിന്ന ഈ കായിക മാമാങ്കത്തിൽ, കരുത്തും ഇച്ഛാശക്തിയും ഒരുപോലെ പരീക്ഷിക്കപ്പെട്ട നിമിഷങ്ങൾക്കാണ് നാട് സാക്ഷ്യം വഹിച്ചത്. കാണികളെപ്പോലും അത്ഭുതപ്പെടുത്തുന്ന വിധത്തിലായിരുന്നു എൽദോസിന്റെ ഓരോ ചുവടുവെപ്പും.

അപ്പന്റെ പാരമ്പര്യം; മകനിലൂടെ ചരിത്രനേട്ടം

ഏറെ കൗതുകകരമായ കാര്യം, വർഷങ്ങളായി ഈ മത്സരത്തിൽ മാറ്റുരയ്ക്കുകയും ചാമ്പ്യൻപട്ടം നിലനിർത്തുകയും ചെയ്തിരുന്ന സ്വന്തം പിതാവിനെത്തന്നെ പിന്നിലാക്കിയാണ് എൽദോസ് ഈ നേട്ടം കൈവരിച്ചത് എന്നതാണ്. വർഷങ്ങളായി തോപ്രാംകുടിയിലെ തടി പൊക്കൽ മത്സരങ്ങളിൽ ഒന്നാമനായിരുന്ന പിതാവിന്റെ കരുത്തിന്റെ പാരമ്പര്യം ഒട്ടും ചോർന്നുപോകാതെ അടുത്ത തലമുറ ഏറ്റെടുക്കുകയായിരുന്നു.

മത്സരത്തിൽ തോറ്റത് സ്വന്തം അപ്പനാണെങ്കിലും, മകന്റെ ഈ ചരിത്രപരമായ വിജയത്തിൽ അദ്ദേഹത്തിന്റെ കണ്ണുകളിൽ നിറഞ്ഞത് അഭിമാനവും അതിരറ്റ സന്തോഷവുമായിരുന്നു. തലമുറ മാറ്റത്തിന്റെ സൗന്ദര്യം കൂടിയായി മാറിയ ഈ നിമിഷം കണ്ടുനിന്നവർക്കെല്ലാം വൈകാരികമായ അനുഭവമായി.

കഠിനാധ്വാനവും ആത്മവിശ്വാസവും കൈമുതലാക്കി നാടിന് മുഴുവൻ അഭിമാനമായി മാറിയ എൽദോസ് ബിജുവിന് പ്രദേശവാസികളും കായിക പ്രേമികളും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അറിയിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top