Kerala

അരിയുടെ അളവ് കുറച്ച് വില കൂട്ടി : ഓണക്കാലത്തെ പൊതുവിപണി ഇടപെടലിൽ യുഡിഎഫ് സർക്കാർ പിന്നിലായെന്ന് മുൻ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ

കോട്ടയം: ഓണക്കാലത്തെ പൊതുവിപണി ഇടപെടലിൽ യുഡിഎഫ് സർക്കാർ പിന്നിലായെന്ന് മുൻ ഭക്ഷ്യമന്ത്രി ജി.ആർ. അനിൽ. കഴിഞ്ഞ വർഷത്തെയും ഇത്തവണത്തെയും സപ്ലൈകോ കണക്കുകളിൽ വലിയ അന്തരമുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഓണവിപണി ലക്ഷ്യമിട്ട് നേരത്തെ തയ്യാറെടുപ്പുകൾ നടത്തുന്നതിൽ സർക്കാരിനും ഉദ്യോഗസ്ഥർക്കും വീഴ്ച സംഭവിച്ചെന്നും ജി.ആർ. അനിൽ പറഞ്ഞു.

കഴിഞ്ഞ ഓണക്കാലത്ത് 53 ലക്ഷം കുടുംബങ്ങളാണ് സപ്ലൈകോയിൽനിന്ന് സാധനങ്ങൾ വാങ്ങിയത്. ഇത്തവണ ഇത് 40 ലക്ഷമായി കുറഞ്ഞുവെന്നാണ് ജി.ആർ. അനിൽ ചൂണ്ടിക്കാട്ടുന്നത്. കഴിഞ്ഞ വർഷം സപ്ലൈകോ ഓണവിപണിയിൽ 387 കോടി രൂപയുടെ വിൽപ്പന നടന്നപ്പോൾ, ഇത്തവണ സബ്സിഡി സാധനങ്ങളുടെ വിറ്റുവരവ് 125 കോടി രൂപയോളമാണെന്നും അദ്ദേഹം പറഞ്ഞു. അരിയുടെ അളവ് കുറച്ച് വില കൂട്ടിയെന്നും ജി.ആർ. അനിൽ വിമർശിച്ചു.

കഴിഞ്ഞ വർഷം വെള്ള കാർഡ് ഉടമകൾക്ക് 15 കിലോയും നീല കാർഡ് ഉടമകൾക്ക് 10 കിലോയും മറ്റ് കാർഡുടമകൾക്ക് അഞ്ച് കിലോയും പ്രത്യേക അരി നൽകിയിരുന്നു. ഇത്തവണ പ്രത്യേക അരിയുടെ വില കിലോയ്ക്ക് 26 രൂപയാക്കിയതിനൊപ്പം അളവിലും കുറവുണ്ടായെന്നാണ് ആരോപണം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് സപ്ലൈകോയിൽ 20 കിലോ അരി 25 രൂപ നിരക്കിൽ നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സബ്സിഡി സാധനങ്ങളുടെ അളവിൽ വർധന വരുത്തിയതും കഴിഞ്ഞ ഓണക്കാലത്ത് സപ്ലൈകോ വലിയ ഓഫറുകൾ നൽകിയതും.

അതേസമയം, ഓണക്കിറ്റ് വിതരണവുമായി ബന്ധപ്പെട്ടും ജി.ആർ. അനിൽ നിലപാട് വ്യക്തമാക്കി. ഉത്രാടദിവസം കിറ്റ് വാങ്ങാനെത്തുന്ന ഒരാൾക്ക് കിറ്റ് നൽകാതിരിക്കാൻ കഴിയില്ലെന്നും, വീട്ടുജോലിക്കുൾപ്പെടെ പോകുന്ന പാവപ്പെട്ടവർ ഉത്രാടദിവസമായിരിക്കും വീട്ടിലെത്തുകയെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് സ്ഥാനവുമായി ബന്ധപ്പെട്ട് സിപിഐയുടെ നിലപാട് സംസ്ഥാന സെക്രട്ടറി വ്യക്തമാക്കിയിട്ടുണ്ടെന്നും അതിനപ്പുറം താൻ പ്രതികരിക്കില്ലെന്നും ജി.ആർ. അനിൽ വ്യക്തമാക്കി. പാർട്ടിയിലെ എല്ലാവരുടെയും നിലപാട് സംസ്ഥാന സെക്രട്ടറിയുടേതിനൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top