Kerala

പാലക്കാട് മുണ്ടൂരിൽ ലോറികൾ കൂട്ടിയിടിച്ച് തീപിടിത്തം; ഡ്രൈവർക്ക് ദാരുണാന്ത്യം

 

പാലക്കാട് മുണ്ടൂർ വേലിക്കാട് ഇന്ന് പുലർച്ചെ രണ്ട് ലോറികൾ കൂട്ടിയിടിച്ചുണ്ടായ വൻ തീപിടിത്തത്തിൽ പൊള്ളലേറ്റ ഡ്രൈവർ മരിച്ചു. അറക്കപ്പൊടി കയറ്റിവന്ന ലോറിയുടെ ഡ്രൈവറായ ശ്രീകൃഷ്ണപുരം സ്വദേശി നസീറുദ്ദീനാണ് മരിച്ചത്. പുലർച്ചെ നടന്ന അപകടത്തിൽ വാഹനത്തിന് തീപിടിച്ചതോടെ നസീറുദ്ദീന് ഗുരുതരമായി പൊള്ളലേൽക്കുകയായിരുന്നു. ആശുപത്രിയിൽ എത്തിക്കുന്നതിന് മുൻപ് തന്നെ മരണം സംഭവിക്കുകയായിരുന്നു.

അറക്കപ്പൊടി കയറ്റിവന്ന ലോറിയും മറ്റൊരു കണ്ടെയ്നർ ലോറിയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ അറക്കപ്പൊടി കയറ്റിയ ലോറിക്ക് ഉടൻ തന്നെ തീപിടിച്ചു. തീ പടർന്നതോടെ ലോറിയിൽ നിന്നും പുറത്തേക്ക് ചാടിയ നസീറുദ്ദീൻ റോഡരികിലേക്ക് ഇഴഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ഇതിനകം അദ്ദേഹത്തിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. കണ്ടെയ്നർ ലോറിയുടെ ഡ്രൈവറായ ഇതരസംസ്ഥാന തൊഴിലാളിക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്.

ഇയാളെ നിലവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.പുലർച്ചെ വലിയ ശബ്ദം കേട്ടാണ് നാട്ടുകാർ അപകടസ്ഥലത്തേക്ക് ഓടിയെത്തിയത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ആംബുലൻസ് എത്തിയാണ് നസീറുദ്ദീനെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാൽ, അപകടസ്ഥലത്ത് ഫയർഫോഴ്സ് എത്താൻ അരമണിക്കൂറോളം വൈകിയെന്ന് നാട്ടുകാർ ആരോപിക്കുന്നുണ്ട്. ലോറിയിൽ അറക്കപ്പൊടി ഉണ്ടായിരുന്നതിനാൽ വാഹനം പൂർണമായും കത്തിനശിച്ച ശേഷമാണ് ഫയർഫോഴ്സ് എത്തി തീ അണച്ചത്.

അപകടത്തെ തുടർന്ന് പ്രദേശത്ത് വലിയ രീതിയിലുള്ള ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. പിന്നീട് ഫയർഫോഴ്സും പൊലീസും ചേർന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top