Kerala

തായ്‌വാനെ മറയാക്കി രാജ്യത്തിന്റെ പരമാധികാരത്തിലേക്ക് കടന്നുകയറിയവർക്ക് ശിക്ഷ നൽകുമെന്ന് ചൈന

തായ്പേയ്തായ്‌വാനെ മറയാക്കി രാജ്യത്തിന്റെ പരമാധികാരത്തിലേക്ക് കടന്നുകയറിയവർക്ക് ശിക്ഷ നൽകുമെന്ന് ചൈന. അമേരിക്കൻ സ്പീക്കർ നാൻസി പെലോസിയുടെ സന്ദർശനത്തിൽ പ്രകോപിതരായ ചൈന തായ്‌വാൻ ദ്വീപിന് ചുറ്റും സൈനിക അഭ്യാസം പ്രഖ്യാപിച്ചു. തങ്ങളുടെ  മണ്ണിലേക്ക് അതിക്രമിച്ച് കടന്നാൽ മിണ്ടാതിരിക്കില്ലെന്ന് തായ്‌വാനും മുന്നറിയിപ്പ് നൽകിയതോടെ ഏഷ്യാ വൻകര മറ്റൊരു സംഘർഷത്തിന്റെ ഭീതിയിലായി.

 

നാൻസി പെലോസിയുടെ തായ്‌വാൻ സന്ദർശനത്തോട് അതിരൂക്ഷമായാണ് ചൈന പ്രതികരിക്കുന്നത്. നാളെ മുതൽ തായ്‌വാൻ ദ്വീപിന് ചുറ്റും സൈനിക അഭ്യാസം തുടങ്ങുമെന്ന് ചൈന പ്രഖ്യാപിച്ചു. ഇതിനായി വൻതോതിലുള്ള ആയുധ സൈനിക വിന്യാസം തുടങ്ങി. യുക്രൈനിൽ റഷ്യ ചെയ്തത് പോലെ വേണ്ടി വന്നാൽ സമ്പൂർണ സൈനിക നീക്കത്തിനുള്ള പടയൊരുക്കമാണ് ചൈന നടത്തുന്നതെന്ന് വിദഗ്ദ്ധർ വിലയിരുത്തുന്നു.

 

പെലോസിയുടെ സന്ദർശനത്തോടുള്ള പ്രതിഷേധം അമേരിക്കൻ നയതന്ത്ര പ്രതിനിധിയെ വിളിച്ചു വരുത്തി ചൈന അറിയിച്ചു.  തായ‍്‍വാനെതിരെ വ്യാപാര നിരോധനം അടക്കം സാമ്പത്തിക നടപടികളും ചൈന പ്രഖ്യാപിച്ചു. അതേസമയം സൈനിക അഭ്യാസത്തിന്റെ മറവിൽ ചൈനീസ് പട്ടാളം അതിർത്തി കടന്നാൽ പ്രതികരിക്കേണ്ടി വരുമെന്ന് തായ‍്‍വാൻ പ്രസിഡന്റ് സായ് ഇങ് വെൻ മുന്നറിയിപ്പ് നൽകി. സൈന്യത്തോട് ജാഗ്രത പുലർത്താനുംഅദ്ദേഹം നിർദേശിച്ചു.

ഇതിനിടെ ചൈനയ്ക്കും തായ്‌വാനും ഇടയിൽ തൽസ്ഥിതി തുടരാനാണ് അമേരിക്ക ആഗ്രഹിക്കുന്നത് എന്നും പെലോസിയുടെ സന്ദർശനം വ്യക്തിപരമാണെന്നും വൈറ്റ്ഹൗസ് ആവർത്തിച്ചു. എന്നാൽ ചൈന ഈ നിലപാട്  തള്ളുകയാണ്. തായ്‌വാനെ മറയാക്കി രാജ്യത്തിന്റെ ആഭ്യന്തര കാരങ്ങളിൽ ഇടപെട്ടവർക്ക് ശിക്ഷ നൽകുമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു.രണ്ടരക്കോടി ജനങ്ങൾ ഉള്ള തായ‍്‍വാൻ തങ്ങളുടെ സ്വന്തം പ്രവിശ്യ ആണ് എന്ന പതിറ്റാണ്ടുകളായുള്ള വാദം ആവർത്തിക്കുകയാണ് ചൈന.

അതേസമയം തായ‍്‍വാൻ പാർലമെന്റിലെ പ്രസംഗത്തിലും പിന്നീട് വാർത്താ സമ്മേളനത്തിലും നാൻസി പെലോസി ചൈനയ്‌ക്കെതിരെ രൂക്ഷ വിമർശനമാണ് നടത്തിയത്. തായ‍്‍വാൻ ജനതയെ കൈവിടാൻ അമേരിക്കയ്ക്ക് കഴിയില്ല. പിന്തുണയുമായി തായ്‌വാനിലേക്ക് വരുന്നവരെ തടയാനാവില്ലെന്ന്  ചൈനയ്ക്ക് ഇപ്പോൾ ബോധ്യമായിരിക്കുന്നുവെന്നും പെലോസി പ്രതികരിച്ചു. പിന്തുണയ്ക്ക് നന്ദി രേഖപ്പെടുത്തിയ തായ‍്‍വാൻ പ്രസിഡന്റ് സായ് ഇങ് വെൻ ഉന്നത പൗര ബഹുമതി നൽകിയാണ് പെലോസിയെ ആദരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top