കോട്ടയം: കെ റെയിൽ വിരുദ്ധ സമര സമിതി മാടപ്പള്ളിയിൽ വിളവെടുത്ത വാഴക്കുലയും ലേലത്തിന് വച്ചു. പ്രതിഷേധ സമര സമിതി തന്നെയാണ് വാഴക്കുല ലേലത്തിൽ വെച്ചത്.

പദ്ധതി പ്രാബല്യത്തിൽ വന്നാൽ കിടപ്പാടം നഷ്ടപ്പെടുന്ന ചെങ്ങന്നൂർ സ്വദേശി തങ്കമ്മയ്‌ക്ക് വീട് വച്ചു കൊടുക്കാനുള്ള പണം സ്വരൂപിക്കാനാണ് ലേലം നടത്തുന്നത്. ഇത്തരത്തിൽ ആറാമത്തെ കെ റെയിൽ വാഴക്കുല ലേലമാണ് മാടപ്പള്ളിയിൽ നടന്നത്.
സമര സമിതി വിൽപ്പനയ്‌ക്ക് വച്ച വാഴക്കുല 49,100 രൂപയ്‌ക്കാണ് ലേലത്തിൽ പോയത്. കെ റെയിലിന്റെ മഞ്ഞക്കുറ്റി മാറ്റി സ്ഥാപിച്ചാണ് വാഴ നട്ടത്. മാടപ്പള്ളിയിൽ നടന്ന ലേലത്തിൽ നിരവധിപ്പേർ പങ്കെടുത്തു. ആയിരം രൂപയ്‌ക്കായിരുന്നു ലേലം ആരംഭിച്ചത്. തുടർന്ന് 10,000വും 20,000 കടന്ന് ലേലം വിളി മുന്നേറി. മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെയും കളിയാക്കിയും മറ്റു ചിലർ ലേലം വിളിച്ചു.

