India

കാനഡയുടെ ആരോപണം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് പ്രത്യേക ഇളവ് നല്‍കാന്‍ സാധിക്കില്ല :അമേരിക്ക

വാഷിങ്ടണ്‍: ഖലിസ്താന്‍ തീവ്രവാദിയായ ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യയ്ക്ക് പങ്കുണ്ടെന്ന കാനഡയുടെ ആരോപണവുമായി ബന്ധപ്പെട്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതോടെ പ്രതികരണവുമായി അമേരിക്ക. വിഷയത്തില്‍ ഇന്ത്യയും കാനഡയുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് യു.എസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സുള്ളിവന്‍ പറഞ്ഞു. കാനഡയുടെ ആരോപണം വളരെ ഗൗരവത്തോടെയാണ് കാണുന്നതെന്നും ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് പ്രത്യേക ഇളവ് നല്‍കാന്‍ സാധിക്കില്ലെന്നും സുള്ളിവന്‍ വ്യക്തമാക്കി.

‘ഇക്കാര്യത്തില്‍ ഇതുവരെ നടന്നതോ ഇനി നടക്കാന്‍ പോകുന്നതോ ആയ വ്യക്തിഗത നയതന്ത്ര ചര്‍ച്ചകളിലേക്ക് കടക്കാന്‍ താത്പര്യപ്പെടുന്നില്ല. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ഇത് ശരിക്കും ആശങ്കയുളവാക്കുന്ന വിഷയമാണ്. അതുകൊണ്ടുതന്നെ ഗൗരവമായി എടുക്കുന്നു. ഞങ്ങള്‍ ഇതില്‍ ഇടപെട്ടുകൊണ്ടിരിക്കും. ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ പ്രത്യേക ഇളവുകളൊന്നും നല്‍കാനാകില്ല’, സുള്ളിവന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നിജ്ജറിന്റെ കൊലപാതകത്തില്‍ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം വ്യാഴാഴ്ചയും കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആവര്‍ത്തിച്ചിരുന്നു. സുരക്ഷാ ഏജന്‍സികളുടെ പക്കലുള്ള വിശ്വാസ്യയോഗ്യമായ തെളിവുകള്‍ മുന്‍നിര്‍ത്തിയാണ് ആരോപണമെന്നും ഇന്ത്യയെ പ്രകോപിപ്പിക്കുക തങ്ങളുടെ ലക്ഷ്യമല്ലെന്നും ട്രൂഡോ വ്യക്തമാക്കിയിരുന്നു.

അതേസമയം, കാനഡയുടെ ആരോപണം രാഷ്ട്രീയ പ്രേരിതമാണെന്ന നിലപാടിലാണ് ഇന്ത്യ. ഇതുസംബന്ധിച്ച വിഷയത്തില്‍ കാനഡ ഒരു വിവരവും ഇതുവരെ ഔദ്യോഗികമായി അറിച്ചിട്ടില്ലെന്നും കാനഡ കൈമാറുന്ന ഏത് വിവരവും പരിശോധിക്കാന്‍ തയ്യാറാണെന്നും ഇന്ത്യ അറിയിച്ചിരുന്നു.

വെറുപ്പിന് കാനഡയിൽ സ്ഥാനമില്ലെന്ന് കാനഡ പൊതു സുരക്ഷാ മന്ത്രാലയം. ഹിന്ദു വിഭാഗക്കാർ രാജ്യം വിടണമെന്ന ഭീഷണി സന്ദേശത്തിനെതിരെയാണ് കാനഡയുടെ ഔദ്യോ​ഗിക പ്രതികരണം പുറത്തുവന്നത്. രാജ്യത്ത് വെറുപ്പിന് സ്ഥാനമില്ലെന്നും ആർക്കും ഭീഷണിയില്ലെന്നും പൊതു സുരക്ഷാ മന്ത്രാലയം വ്യക്തമാക്കി. ഖലിസ്ഥാൻ വാദി നേതാവ് ഹർദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള തർക്കമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഉലയാൻ കാരണമായത്.

കാന‍ഡ സുരക്ഷിതമായ രാജ്യമാണ്. മറ്റു തരത്തിലുള്ള ആരോപണങ്ങൾ അടിസ്ഥാന രഹിതമാണ്. പൊതുസുരക്ഷാ മന്ത്രി ഡൊമിനിക് ലെബ്ലാങ്ക് പറഞ്ഞു. ഇന്ത്യ പിടികിട്ടാപുള്ളികളായി പ്രഖ്യാപിച്ച സിഖ് നേതാവടക്കമുള്ളയാളുടെ വീഡിയോ പുറത്തുവന്നിരുന്നു. ഭീഷണിയും വെറുപ്പുമുളവാക്കുന്ന സന്ദേശങ്ങളാണ് വീഡിയോയിലൂടെ പ്രചരിപ്പിച്ചത്. എന്നാൽ ഇത്തരത്തിലുള്ള ഭീഷണികൊൾക്കൊന്നും രാജ്യത്ത് സ്ഥാനമില്ലെന്നാണ് മന്ത്രി വ്യക്തമാക്കിയത്.

അതിനിടെ, ഇന്ത്യ -കാനഡ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇരു രാജ്യങ്ങളുമായി ആശയ വിനിമയം നടത്തുന്നുണ്ടെന്ന് അമേരിക്ക അറിയിച്ചു. തർക്കം രൂക്ഷമാകുന്നത് ആശങ്കാജനകമാണെന്നും വിഷയം ഗൗരവത്തിലെടുക്കുമെന്നും വൈറ്റ് ഹൗസ് നാഷണൽ സെക്യൂരിറ്റി അഡ്വൈസർ ജാക്ക് സള്ളിവൻ പറഞ്ഞു. അതേസമയം, ഇന്ത്യ-കാനഡ നയതന്ത്ര പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബ് കോൺഗ്രസ്സും രം​ഗത്തെത്തി. കനേഡിയൻ പൗരൻമാർക്ക് വിസ നിർത്തി വെച്ചതിൽ പഞ്ചാബ് കോൺഗ്രസ്സ് ആശങ്ക രേഖപ്പെടുത്തി. കനേഡിയൻ പൗരത്വം ഉള്ള പഞ്ചാബ് സ്വദേശികളെ ബാധിക്കുന്ന നടപടിയാണിത്. വിദേശകാര്യ മന്ത്രാലയം എത്രയും വേഗം വിഷയം പരിഹരിക്കണമെന്ന് പിസിസി പ്രസിഡൻ്റ് അമരിന്ദർ സിങ് രാജ വഡിങ് പറഞ്ഞു. ഉത്സവകാലത്ത് പ്രായമായ മാതാപിതാക്കളെ കാണാൻ കാനഡയിൽ ഉള്ളവർക്ക് നാട്ടിലേക്ക് വരേണ്ടതാണെന്നും പഞ്ചാബ് പിസിസി പറയുന്നു.

കാനഡ പൗരന്മാർക്ക് ഇന്ത്യൻ വിസ നൽകുന്നത് ഇനി ഒരറിയിപ്പ് ഉണ്ടാകും വരെ നിർത്തിവെച്ചതായി ഓട്ടവയിലെ ഇന്ത്യൻ ഹൈകമ്മീഷൻ സ്ഥിരീകരിച്ചിട്ടുണ്ട്. കാനഡയിലെ ഇന്ത്യൻ നയതന്ത്ര പ്രതിനിധികൾക്ക് ഭീഷണിയുയർന്ന പശ്ചാത്തലത്തിലാണ് വിസ സർവ്വീസ് നിറുത്തി വയ്ക്കാൻ ഇന്ത്യ തീരുമാനിച്ചത്. ലോകത്തെവിടെയും കനേഡിയൻ പൗരൻമാർക്ക് ഇന്ത്യ വിസ തൽക്കാലം നൽകില്ല. ഇ വിസ ഉൾപ്പടെ എല്ലാ തരം വിസകളും താൽകാലികമായി നിറുത്തിവച്ചു. ഇന്ത്യയിലെ കനേഡിയൻ ഹൈക്കമ്മീഷനിലെ കൂടുതൽ ഉദ്യോഗസ്ഥർക്ക് രാജ്യം വിടാനുള്ള നിർദ്ദേശവും നൽകിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top