പാലാ :പാലായങ്കം 5:ചെത്തിമറ്റം എന്ന പാലാ നഗരസഭയിലെ പതിനൊന്നാം വാർഡിൽ സ്ഥാനാർത്ഥികൾ നേരത്തെ തന്നെ ആയതാണ് .ഇക്കാര്യം ജനങ്ങൾക്കും നേരത്തേയറിയാം .പക്ഷെ അതിർത്തി പുനർ നിർണ്ണയവും ;വനിതാ വാർഡ് നിർണ്ണയവും ഒക്കെ കഴിയണമല്ലോ കളം മൂക്കാൻ.അത്യുകൊണ്ടു തന്നെ കോൺഗ്രസിന്റെ ടോണി തൈപ്പറമ്പിലും ;സിപിഐ(എം) ന്റെ പ്രസാദ് പെരുമ്പള്ളിയും അടങ്ങിയൊതുങ്ങി ഇരിക്കുകയാണ് .രണ്ടു പേരും അത്ര മോശക്കാരല്ല .ജനകീയ വിഷയങ്ങളിൽ നിരന്തരമായി ഇടപെടുന്നവരാണ് .അതുകൊണ്ടു തന്നെ രണ്ടുപേരെയും വാർഡിലുള്ളവർക്കു പരിചയപ്പെടുത്തേണ്ട കാര്യവുമില്ല .

എന്നാൽ രണ്ടു പേരുടെയും സ്വഭാവത്തിൽ പ്രകടമായ വൈരുധ്യങ്ങളും ഉണ്ട് .ഒരാളുടെ സ്ഥായിയായ ഭാവം സൗമ്യതയും ഗൗരവമാണെങ്കിൽ , മറ്റൊരാളുടേത് സൗമ്യതയുടെയും ചിരിയുടെയുമാണ് .എന്നാൽ കോട്ടയം മീഡിയയ്ക്കു മനസിലായത് ജനകീയ വിഷയങ്ങളിൽ രണ്ടു പേരും പരിശ്രമ ശാലികളും ;ജനങ്ങൾക്ക് ഉപകാരികളുമാണ് എന്നതാണ് .തലയിൽ എണ്ണയും വച്ച് കൈയിൽ ഒരു തോർത്തും ,സോപ്പുപെട്ടിയുമായി നീങ്ങുന്നവരെ കണ്ടാൽ പ്രസാദ് ചോദിക്കുന്നത് എന്നാ ഒണ്ട് എന്നാണെങ്കിൽ ടോണി തൈപ്പറമ്പൻ ചോദിക്കുന്നത് ചേട്ടാ രാവിലെ കുളിക്കാൻ പോവുകാ അല്ലെ ….ഇന്ന് രാവിലെ നല്ല മഞ്ഞുണ്ടല്ലോ…നമ്മടെ ലീലാമ്മ ചേച്ചി രാവിലെ കുളിക്കാൻ പോയി കടുത്ത ജലദോഷം പിടിപ്പിച്ചു കേട്ടോ .തണുപ്പ് മാറീട്ട് കുളിക്കുന്നതാ നല്ലത് കേട്ടോ എന്നൊക്കെയായിരിക്കും .പതപ്പീരിൽ ഡോക്ടറേറ്റ് എടുത്ത ടോണി തൈപ്പറമ്പൻ കഴിഞ്ഞ തവണ കവീക്കുന്ന് വാർഡിൽ സ്വതന്ത്രനായി മത്സരിച്ച് 147 വോട്ട് നേടിയപ്പോൾ പലരും മൂക്കത്ത് വിരൽ വച്ചു.

പക്ഷെ സോമരസവും കപ്പ കമ്മിറ്റികളും അരങ്ങു വാണ കവീക്കുന്നു തെരെഞ്ഞെടുപ്പിൽ സോമരസത്തിൽ പിറകോട്ട് പോയതാണ് ടോണിക്ക് വിനയായത് .സേവിയും ,ചീരാൻകുഴിയും സോമരസ വിതരണത്തിൽ വള്ളപ്പാട് മുന്നോട്ട് പോയപ്പോൾ ടോണിക്ക് കാഴ്ചക്കാരനായി നിൽക്കേണ്ടി വന്നു കൈയ്യിൽ ജോർജുകുട്ടി ഇല്ലാത്തതിന്റെ കുഴപ്പം അന്നാണ് മനസിലായത് .പക്ഷെ സ്ത്രീ വോട്ടർമാരെ സ്വാധീനിക്കാൻ ഇത്രയും കഴിവുള്ള ഒരു സ്ഥാനാർഥി ടോണിയെ പോലെ വേറെയില്ല.കുട്ടിയേയും ഒക്കത്തെടുത്തു പോകുന്ന അമ്മയോട് കുശലം ചോദിക്കുന്ന ടോണി കുട്ടിയുടെ കവിളിൽ ഞ്ഞുള്ളി മോനെ കുട്ടാപ്പി എന്നൊക്കെ വിളിച്ച് കൊഞ്ചിക്കുമ്പോൾ അമ്മയ്ക്കും കൂടി നിൽക്കുന്ന അമ്മമാർക്കും ബഹുത്ത് സന്തോഷം .പ്രസാദ് ആവട്ടെ തന്റെ നൈർമല്യമാർന്ന സ്വഭാവം കൊണ്ടാണ് ശ്രദ്ധ ആകർഷിക്കുന്നത് .
ഒരു മുറിയിൽ ഒരു ലക്ഷം രൂപയും ;ഒരു ഗ്ലാസ് വെള്ളവും വച്ചിട്ട് ഇഷ്ടമുള്ളത് എടുത്തോളാൻ പറഞ്ഞാൽ പ്രസാദ് വെള്ളം കുടിച്ചിട്ട് പോകുന്ന വ്യക്തിയാണ് .രാവിലെ മൂന്നു മണിക്ക് എഴുന്നേറ്റ് പത്രം വിതരണം ചെയ്യുന്ന ആളാണ് പ്രസാദ്.500 ഓളം പത്രത്തിന്റെ ഏജന്റും ആണ്.പക്ഷെ വിതരണത്തിന് ആളെ കിട്ടുന്നില്ല എന്നുള്ളതാണ് പുള്ളിക്കാരന്റെ പരാതി .പിള്ളേര് എന്നും വരില്ല .വിളിച്ചാൽ പറയും വയറ്റിൽ വേദനയാണെന്ന്.പിള്ളേരൊക്കെ അൽഫാമും കഴിച്ച് കിടന്നുറങ്ങുമോൾ തന്നെ വെളുപ്പിന് രണ്ടു മണിയാവും പിന്നെങ്ങനെ വെളുപ്പിന് എഴുന്നേൽക്കും .പിന്നെ ഒരു വിധത്തിൽ ഞാൻ അങ്ങനെ ഒപ്പിച്ചൊക്കെ പോകും എന്നാണ് പ്രസാദ് പറയുന്നത് .ഗൗവരവക്കാരനായ പ്രസാദ് പെരുമ്പള്ളി കവിതയും എഴുതുമെന്നുള്ളത് പറഞ്ഞാൽ പലർക്കും വിശ്വാസം പോരാ.ശോ അതൊക്കെ ചുമ്മാ പറയുന്നതായിരിക്കും എന്നാണ് പലരും പറയുക.പുരോഗമന കലാ സാഹിത്യ സംഘക്കാരുടെ മാതിരി അന്തരീക്ഷത്തിൽ ചെന്താമര ;വെണ്ടുരുത്തിയിൽ കുന്തിരിക്കം എന്നൊന്നുമല്ല ,നല്ല കിടുക്കാച്ചി കവിതയൊക്കെ വരും പ്രസാദിന് . കഴിഞ്ഞ കൗൺസിലിൽ കവി പ്രസാദും ഗായകൻ പി കെ മധുവും ആയിരുന്നു .
നിലവിലെ മെമ്പർ സിപിഎം ലെ ബിന്ദു മനു ആർക്കും പരാതിയില്ലാത്ത നിലയിൽ വാർഡിനെ കാത്ത് സൂക്ഷിച്ചു .ഇനി രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നാണ് അവരുടെ പക്ഷം .എന്നാലും രുചി പറ്റി പോയാൽ നിൽക്കുമോ എന്നാണ് പലരും ചോദിക്കുന്നത് .കഴിഞ്ഞ പ്രാവശ്യവും അതിനു മുമ്പുമൊക്കെ ബിജി ജോജോയും ;ലീനാ സണ്ണിയും ,ബെറ്റി ഷാജുവും ഒക്കെ ജനറൽ സീറ്റിൽ കയറി മത്സരിച്ചതുകൊണ്ട് വിട്ട് പറയാൻ പറ്റില്ല .കരൂർ പഞ്ചായത്തിലെ ഇപ്പോഴത്തെ ഒരു വനിതാ മെമ്പർ സ്ഥാനാര്ഥിയാവണമെന്നു ഭർത്താവ് പറഞ്ഞപ്പോൾ ;അവർ പറ്റില്ലെന്ന് പറഞ്ഞു .പിന്നെയും നിര്ബന്ധമായപ്പോൾ ഇനി നിർബന്ധിച്ചാൽ ഞാൻ ഡിവോഴ്‌സിന് കോടതിയിൽ പോകും എന്ന് അലറി വിളിച്ചു .പക്ഷെ അളിയൻമാരെ കൊണ്ട് പറയിച്ചപ്പോൾ സ്ഥാനാർത്ഥിയായി.ഒറ്റ രാത്രി കൊണ്ട് പ്രസംഗവും പഠിപ്പിച്ചു .പാട്ടും പാടി വിജയിക്കുകയും ചെയ്തു .പിറ്റേ പ്രാവശ്യം വാർഡ് ജനറലായപ്പോൾ എനിക്ക് സീറ്റ് വാങ്ങി തന്നില്ലെങ്കിൽ പ്രശ്നമുണ്ടാക്കും നിങ്ങള് നോക്കിക്കോ എന്ന് പറഞ്ഞു ഭർത്താവിനെ ഭീഷണിപ്പെടുത്തി .
സീറ്റ് വാങ്ങി കൊടുത്തപ്പോൾ പുള്ളിക്കാരനോടുള്ള സ്നേഹവും കൂടി .സന്തോഷ സൂചകമായി രണ്ടു കിലോ പന്നിയിറച്ചി വാങ്ങി കറി വച്ച് രണ്ടുപേരും ഒറ്റക്കിരുന്നു കഴിച്ചിട്ട് എന്തതിശയമേ ദൈവത്തിൽ സ്നേഹം എത്ര മനോഹരമേ എന്ന പാട്ടും പടിയിട്ടാണ് കിടന്നതെന്നാണ് പിന്നാമ്പുറ സംസാരം .അതുകൊണ്ടു ബിന്ദു മനുവിന്റെ കാര്യം ഒന്നും അങ്ങോട്ട് വിട്ട് പറയാൻ പറ്റുന്നില്ല .ഏതായാലും സ്ഥാനാർഥിയാവാൻ ടോണി തൈപ്പറമ്പൻ വർഷങ്ങളായി ലൈവ് ആയി നിൽക്കുകയാണ് .പ്രസാദ് ആവട്ടെ എപ്പോഴും ലൈവ് ആണെന്നുള്ളതാണ് പ്രത്യേകത .ചെത്തിമറ്റം വാർഡിന്റെ മുറ്റത്ത് എത്തുന്നത് ആരാവാം രണ്ട് പേരിലാരായാലും രണ്ടും മോശക്കാരല്ല എന്ന് മാത്രമേ ഇപ്പോൾ പറയാൻ പറ്റൂ.
തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ

