തിരുവനന്തപുരം: കേരളത്തിന്റെ സ്റ്റാർട്ടപ്പ് രംഗത്തെ നേട്ടം പറഞ്ഞുളള റിപ്പോർട്ട് സ്വകാര്യ കമ്പനിക്ക് പണം നൽകി തയ്യാറാക്കിയതാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.

സ്റ്റാർട്ടപ്പ് ജെനോം എന്ന കമ്പനിയാണ് റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോർട്ട് തയ്യാറാക്കാനായി കമ്പനിക്ക് 48,000 ഡോളർ നൽകി. 2019-2021 കൊവിഡ് കാലവുമായി ബന്ധപ്പെട്ട് ഊതിപ്പെരുപ്പിച്ച കണക്കാണ് സംസ്ഥാനം പുറത്തുവിട്ടതെന്നും വി ഡി സതീശൻ ആരോപിച്ചു.
2021 മുതൽ 2024 വരെ റിപ്പോർട്ട് തയ്യാറാക്കാൻ സർക്കാർ പണം നൽകി എന്ന് വി ഡി സതീശൻ പറഞ്ഞു. ആശാ വർക്കർമാരുടെ സമരത്തെ കുറിച്ചും വി ഡി സതീശൻ പ്രതികരിച്ചു. തൊഴിലാളികൾ സമരം ചെയ്യുമ്പോൾ അവരോട് മാന്യമായി പെരുമാറാനെങ്കിലും പഠിക്കേണ്ടെ. ആശ വർക്കർമാരുടെ സമരത്തോട് സർക്കാർ എന്തൊരു അഹങ്കാരമാണ് കാണിക്കുന്നത് എന്നും വി ഡി സതീശൻ പറഞ്ഞു.

