മലപ്പുറം: കർണാടകയിൽ നിന്ന് എറണാകുളത്തേയ്ക്ക് കടത്തുകയായിരുന്ന ഇരുപതിനായിരം ലിറ്ററിലധികം സ്പിരിറ്റ് പിടികൂടി. മലപ്പുറം തിരൂരങ്ങാടിയിൽ നിന്നും പാലക്കാട് എസ്പിയുടെ ഡാൻസാഫ് സ്ക്വാഡാണ് സ്പിരിറ്റ് പിടികൂടിയത്.

ചരക്ക് ലോറിയിലായിരുന്നു സ്പിരിറ്റ് കടത്ത്. നീല കന്നാസുകളിൽ സൂക്ഷിച്ചിരുന്ന സ്പിരിറ്റ് ടാർപോളിൻ കൊണ്ടും, മാലിന്യം നിറച്ച ചാക്കുകളും കൊണ്ട് മറച്ച നിലയിലായിരുന്നു. ലോറിയിൽ ഉണ്ടായിരുന്ന ഡ്രൈവറെയും സഹായിയെയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

തമിഴ്നാട് മീനാക്ഷിപുരം സ്വദേശി മൊയ്തീൻ, പൊള്ളാച്ചി സ്വദേശി അൻപഴകൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. മൊയ്തീൻ നേരത്തെയും സ്പിരിറ്റ് കേസുകളിലെ പ്രതിയാണ്. സൂത്രധാരനും ഇയാൾ തന്നെയാണെന്നാണ് പൊലീസ് പറയുന്നത്.

