കടല്‍ ഖനന വിഷയത്തില്‍ ഇടതുപക്ഷവുമായി യോജിച്ച സമരം വേണ്ടെന്ന് പ്രഖ്യാപിച്ച് ജാഥ നടത്തുന്ന പ്രതിപക്ഷത്തിന്റേത് അവസരവാദ നിലപാടാണെന്ന് മന്ത്രി സജി ചെറിയാന്‍. സിപിഐ എം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി ‘മത്സ്യമേഖലയെ തകര്‍ക്കുന്ന മണല്‍ ഖനനം’ എന്ന വിഷയത്തില്‍ നീണ്ടകരയില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.

നാടിനാകെ വെല്ലുവിളിയും കനത്ത തിരിച്ചടിയുമാണ് കടല്‍ ഖനനത്തില്‍ യുഡിഎഫ് കളിക്കുന്ന സങ്കുചിത രാഷ്ട്രീയം. ഇത് മത്സ്യമേഖലയോടുള്ള ഇരട്ടത്താപ്പാണ്. നയപരമായും നിയമപരമായും രാഷ്ട്രീയപരമായും കടല്‍ കൊള്ളയെ സിപിഐ എം നേരിടും.
ആഴക്കടല്‍ ഖനനം നടക്കുന്നതോടെ ഈ മേഖലയില്‍ വന്‍കിട കപ്പലുകളുടെ എണ്ണം കൂടും. ഇത് സാധാരണക്കാരായ മത്സ്യതൊഴിലാളികള്‍ അപകടത്തില്‍പെടാന്‍ കാരണമാകുകയും കടല്‍ സംഘര്‍ഷപൂരിതമാകുയും ചെയ്യും.

