കോട്ടയം: ക്രൈസ്തവർക്കിനി അമ്പതു നോമ്പിൻ്റെ വിശുദ്ധ ദിനങ്ങൾ.ലോകരക്ഷകനായ ക്രിസ്തുവിൻറെ പീഡാനുഭവത്തിന്റെയും മരണത്തിൻ്റെയും ഉത്ഥാനത്തിന്റെയും ഓർമ്മയാചരിച്ചുകൊണ്ട് ആഗോള ക്രൈസ്തവർ പെസഹായ്ക്ക് ഒരുങ്ങുകയാണ്.ഇന്ന് വിഭൂതി തിരുനാളോടു കൂടി ക്രൈസ്തവരുടെ നോയമ്പിന് തുടക്കമായി.പാപപരിഹാരാർത്ഥം നെറ്റിയിൽ കരികൊണ്ട് കുരിശു വരച്ച് ക്രൈസ്തവർ തങ്ങളുടെ നോമ്പുകാലം ആരംഭിക്കുന്നു.
പാലാ കത്തീഡ്രലിൽ ഇന്ന് രാവിലെ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ മുഖ്യ കാർമികത്വത്തിൽ വിഭൂതി കർമ്മങ്ങൾ നടന്നു.
കത്തീഡ്രൽ വികാരി ഫാ.ജോസ് കാക്കല്ലിൽ സഹകാർമികനായി.ഇനി കുരിശുമല കയറ്റങ്ങൾ സജീവമാവും. ജീവിത വിശുദ്ധികരണത്തിനായി കുരിശിൻറെ വഴി ചൊല്ലി ഒറ്റയ്ക്കും കൂട്ടമായും വലിയ സംഘങ്ങളായി അവർ മലകയറുന്നു.
ഏപ്രിൽ 17ന് പെസഹായും ഏപ്രിൽ 18ന് ദുഃഖവെള്ളിയും ആചരിക്കുന്നു.ഏപ്രിൽ 20നാണ് ക്രിസ്തുവിൻറെ ഉയിർപ്പിനെ അനുസ്മരിപ്പിച്ചുകൊണ്ട് ഈ വർഷം ഈസ്റ്റർ ആഘോഷിക്കുന്നത്.

