തിരുവനന്തപുരം: സ്ഥലം മാറ്റ വിവാദത്തില്‍ പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതിയില്ല. തുടര്‍ന്ന് പ്രതിപക്ഷം സഭ ബഹിഷ്‌കരിച്ചു. അധികാരത്തിന്റെ ഇടനാഴികളില്‍ പവര്‍ ബ്രോക്കര്‍മാരും ദല്ലാളന്മാരും അധികാരം സ്ഥാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ സഭയില്‍ പറഞ്ഞു.

സ്ഥലംമാറ്റം പൊതുതാത്പര്യ പ്രകാരമല്ലെന്ന് കണ്ടതുകൊണ്ടാണ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തതെന്നും വകുപ്പ് മേധാവിമാരെ ഭീഷണിപ്പെടുത്തി സ്ഥലം മാറ്റ ഉത്തരവിറക്കിയവരുണ്ടെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. അത്തരക്കാര്‍ക്ക് എതിരെ നടപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

‘മാനദണ്ഡങ്ങള്‍ മറികടന്ന് നടത്തിയ സ്ഥലം മാറ്റങ്ങള്‍ പുന:പരിശോധിക്കണം. സ്ഥാപിത താല്പര്യക്കാരെ അഴിഞ്ഞാടാന്‍ വിട്ടാല്‍ എങ്ങനെ ജന താത്പര്യം സംരക്ഷിക്കപ്പെടും. ഈ രീതി തുടരുമെങ്കില്‍ അധികാരത്തിന്റെ ഇടനാഴികളില്‍ പവര്‍ ബ്രോക്കര്‍മാരും ദല്ലാളന്മാരും അധികാരം സ്ഥാപിച്ച് ആധിപത്യം സ്ഥാപിക്കും. ഇത് വലിയ രീതിയിലുള്ള അഴിമതിക്ക് വഴിയൊരുക്കും. ഈ രീതി തിരുത്തിയെ മതിയാകൂ’, പിണറായി വിജയന്‍ പറഞ്ഞു.