Kerala

പേരൂര്‍ക്കടയില്‍ യുവതിക്കെതിരായ വ്യാജ കേസ്; കൂടുതല്‍ പൊലീസുകാര്‍ കുറ്റക്കാരെന്ന് അന്വേഷണ റിപ്പോര്‍ട്ട്

തിരുവനന്തപുരം: പേരൂര്‍ക്കടയില്‍  യുവതിക്കെതിരെ വ്യാജ മോഷണക്കേസെടുക്കുകയും പൊലീസ് സ്റ്റേഷനില്‍ കൊടിയ പീഡനമേല്‍ക്കേണ്ടി വരികയും ചെയ്ത സംഭവത്തില്‍ കൂടുതല്‍ പൊലീസുകാര്‍ കുറ്റക്കാരെന്ന് അന്വേഷണ റിപ്പോര്‍ട്ട്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മീഷണര്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. രണ്ട് സിവില്‍ പൊലീസുകാര്‍ക്കെതിരെ നടപടിയുണ്ടായേക്കും. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ ഡിജിപിക്ക് കൈമാറും.

അതിനിടെ പരാതിക്കാരി ഓമന ഡാനിയേലിനെതിരെ കേസെടുക്കണമെന്ന ആവശ്യവുമായി ബിന്ദു രംഗത്തെത്തി. ഓമന ഡാനിയേലിന്റെ വീട്ടില്‍ നിന്ന് മാല ആരെടുത്തു?, അതിന് എന്ത് സംഭവിച്ചു? എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് വിശദമായി അന്വേഷിക്കണമെന്ന് ബിന്ദു റിപ്പോര്‍ട്ടറിനോട് പറഞ്ഞു. ഓമനയുടെ മകളെ തനിക്ക് സംശയമുണ്ട്. ഇക്കാര്യം പൊലീസ് അന്വേഷിക്കണമെന്നും ബിന്ദു ആവശ്യപ്പെട്ടു. സംഭവത്തില്‍ എസ്‌ഐയ്‌ക്കെതിരെ മാത്രം നടപടിയെടുത്താല്‍ പോര. മറ്റ് രണ്ട് പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണം.

അവരെ ജോലിയില്‍ നിന്ന് പിരിച്ചുവിടണം. തന്റെ ഉപജീവനമാര്‍ഗമാണ് ഇവര്‍ എല്ലാവരും കൂടി ഇല്ലാതാക്കിയത്. അത്രയ്ക്ക് താന്‍ ദുരിതം അനുഭവിച്ചു. തന്നെ കള്ളിയായി ചിത്രീകരിച്ചു. തനിക്ക് നഷ്ടപരിഹാരം ലഭിക്കണമെന്നും കോടതിയെ സമീപിക്കുമെന്നും ബിന്ദു കൂട്ടിച്ചേര്‍ത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top