കൊച്ചി: എറണാകുളം തിരുവാങ്കുളത്ത് കൊല്ലപ്പെട്ട നാല് വയസ്സുകാരിയുടെ മാതാപിതാക്കൾ തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് മുത്തശ്ശി. കൊല്ലപ്പെട്ട കല്ല്യാണിയുടെ അമ്മ സന്ധ്യക്ക് മാനസിക പ്രശ്നങ്ങളുണ്ടായിരുന്നില്ല. പഠിക്കുന്ന കാലം മുതൽ തന്നെ മറവിയുണ്ടായിരുന്നുവെന്നും സന്ധ്യയുടെ അമ്മ അല്ലി പ്രതികരിച്ചു.

‘കല്ല്യാണിയെ കാണാതായ ദിവസം രാത്രി ഏഴ് മണിക്കാണ് സന്ധ്യ വീട്ടിലേക്ക് വന്നത്. കുട്ടി എവിടെയെന്ന് ചോദിച്ചപ്പോള്‍ ഓര്‍മ്മയില്ലെന്നാണ് ആദ്യം പറഞ്ഞത്. വീണ്ടും ചോദിച്ചപ്പോൾ ബസില്‍ വെച്ച് കാണാതായെന്ന് പറഞ്ഞു. ഭർത്താവും സന്ധ്യയും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. ഭര്‍ത്താവ് മദ്യപിക്കുമായിരുന്നു. സന്ധ്യയെ മര്‍ദിക്കും. പെട്ടെന്ന് ദേഷ്യം വരുന്നയാളാണ്. ദേഷ്യം വന്നാൽ സന്ധ്യയുടെ കരണത്തടിക്കും. ഭർതൃമാതാവുമായും പ്രശ്നങ്ങളുണ്ടായിരുന്നു. നോര്‍മല്‍ ആണെന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കിലേ വീട്ടില്‍ നിര്‍ത്തൂവെന്ന് ഭര്‍ത്താവിന്റെ അമ്മ പറഞ്ഞിരുന്നു. തുടർന്ന് ഡോക്ടറെ കണ്ടു. 35 വയസായ ആള്‍ക്ക് 18 വയസ്സിന്റെ ബുദ്ധിയേ ഉള്ളൂവെന്നാണ് അന്ന് ഡോക്ടര്‍ പറഞ്ഞത്’, അല്ലി വിശദീകരിച്ചു.

സന്ധ്യ സ്വന്തം വീട്ടിലേക്ക് വരുന്നത് വളരെ കുറവാണ്. ഭര്‍തൃവീട്ടുകാര്‍ വിടാറില്ല. മകൾക്കെതിരെ ഇങ്ങനെ ചെയ്യുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചില്ലെന്നും അല്ലി പറയുന്നു.

