Kottayam

പാലാ ളാലം പഴയ പള്ളി നേതൃത്വം നൽകുന്ന ടൗൺ കുരിശിൻ്റെ വഴി ദുഃഖവെള്ളിയാഴ്ച നടക്കും

 

പാലാ ∙ പുണ്യശ്ലോകനായ ഫാ.ഏബ്രഹാം കൈപ്പൻപ്ലാക്കല്‍ ആരംഭിച്ച് ളാലം സെന്റ് മേരീസ് പഴയപള്ളി നേതൃത്വം നല്‍കുന്ന നഗരം ചുറ്റിയുള്ള 66-ാമത് കുരിശിന്റെ വഴിയും ഇൗശോയുടെ കബറടക്കരൂപം വഹിച്ചുള്ള നഗരികാണിക്കൽ പ്രദക്ഷിണവും ദുഃഖവെള്ളിയാഴ്ച 3 നു നടത്തും. ചേർപ്പുങ്കൽ ബി.വി.എം ഹോളി ക്രോസ് കോളേജ് പ്രിൻസിപ്പൽ റവ.ഫാ സെബാസ്റ്യൻ തോണിക്കുഴി മുഖ്യകാര്‍മികത്വം വഹിച്ച് സന്ദേശം നൽകും . ഉച്ചകഴിഞ്ഞ് 2.30 നു ബഹുമാനപ്പെട്ട വൈദികരുടെ നേതൃത്വത്തിൽ അർണോസ് പാതിരി രചിച്ച വിഖ്യാതമായ പുത്തൻപാനയുടെ 12-ാം പാദ വായനയ്ക്കു ശേഷമാണ് കുരിശിന്റെ വഴി ആരംഭിക്കുന്നത്.

പട്ടണം പൂർണമായി ചുറ്റിയുള്ള കുരിശിന്റെ വഴി എന്നതാണ് ഈ കുരിശിൻ്റെ വഴിയുടെ പ്രത്യേകത. പാലായുടെ പരിസര പ്രദേശങ്ങളിൽ നിന്നായി അനേകായിരങ്ങളാണ് കുരിശിന്റെ വഴിയിൽ പങ്കെടുക്കുന്നത്. ളാലം പഴയ പള്ളിയിൽ പ്രാരംഭ പ്രാർഥനയോടെ ആരംഭിക്കുന്ന കുരിശിന്റെ വഴി പുത്തൻപള്ളിക്കുന്ന് ഇറങ്ങി കൊട്ടാരമറ്റം വഴി ബിഷപ്സ് ഹൗസിനു മുന്‍പിലൂടെ കുരിശുപള്ളി, മഹാറാണി ജംക്‌ഷൻ, കിഴതടിയൂർ ജംക്‌ഷൻ വഴികളിലൂടെ സമാന്തര റോഡ് വഴി തിരികെ പള്ളിയിലെത്തി സമാപിക്കും.

മുണ്ടനോലിക്കൽ ഔതച്ചൻ, പുളിക്കൽ ഔതച്ചൻ, സഹോദരൻ കുഞ്ഞാഗസ്തി, ആവിമൂട്ടിൽ അപ്പി, മകൻ തൊമ്മൻ എന്നിവരുടെ നേതൃത്വത്തിൽ പഴയ പള്ളിയുടെ പരിസരത്ത് നടത്തിയിരുന്ന പ്രസിദ്ധമായ ‘പങ്കപ്പാട് ദൃശാവിഷ്കരണമായിരുന്നു കുരിശിന്റെ വഴിയുടെ ആദിരൂപം. തടിയും ചിരട്ടയും ഉപയോഗിച്ച് നിർമിക്കപ്പെട്ടതും ചരടുകളാൽ നിയന്ത്രിക്കപ്പെട്ടിരുന്നതുമായ രൂപങ്ങള്‍ ഉപയോഗിച്ച് കുരിശിന്റെ വഴിയുടെ ഓരോ രംഗവും പുനരാവിഷ്കരിച്ചിരുന്ന അപൂർവമായ കലാരൂപമായിരുന്നു പങ്കപ്പാട് ദൃശ്യാവിഷ്കാരം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ജാതിമതഭേദമെന്യേ അനേകായിരങ്ങൾ എത്തുകയും ജനബാഹുല്യം നിയന്താണാതീതമാകുകയും ചെയ്തപ്പോൾ 1958ൽ ളാലം പള്ളി വികാരിയായിരുന്ന ഫാ.ഏബ്രഹാം കൈപ്പൻപ്ലാക്കലാണ് ദൃശ്യാവിഷ്കരണം നിറുത്തി നഗരി കാണിക്കൽ കുരിശിന്റെ വഴി ആരംഭിച്ചത്. കുരിശിന്റെ വഴിയുടെ 14 സ്ഥലങ്ങളിലും നടത്തിയിരുന്ന വികാരസാന്ദ്രമായ പ്രസംഗങ്ങൾ കേട്ട് കണ്ണീരണിഞ്ഞാണ് അക്കാലത്ത് ആളുകൾ കുരിശിന്റെ വഴിയിൽ സംബന്ധിച്ചിരുന്നത്.

ഇപ്പോൾ കുരിശിന്റെ വഴിയുടെ 4 സ്ഥലങ്ങൾ കൂടുമ്പോൾ ഒന്ന് എന്ന രീതിയിൽ സന്ദേശങ്ങൾ കുറച്ചിട്ടുണ്ട്. ദുഃഖവെള്ളിയാഴ്ച നടത്തുന്ന കുരിശിന്റെ വഴിയിൽ പുഷ്പാലംകൃതമായ വാഹനത്തിൽ മിശിഹായുടെ കബറടക്ക തിരുസ്വരൂപം സംവഹിക്കും. കുരിശിന്റെ വഴിയുടെ സമാപനത്തിൽ നേർച്ചക്കഞ്ഞി വിതരണം ചെയ്യും.

ഓശാന ഞായറാഴ്ച രാവിലെ 5.30 നു ളള വി.കുർബാനക്കു ശേഷം ഓശാന ഞായർ തിരുക്കർമ്മങ്ങളും പ്രദിക്ഷണവും നടക്കും ഞായർ വൈകുന്നേരം മുതൽ വാർഷിക ധ്യാനംനടക്കും. ധ്യാനത്തിന് രൂപതാ ഇവാഞ്ചിലേഷൻ ഡയറക്ടർ റവ.ഫാ.ജേക്കബ് വെള്ളമരുതുങ്കൽ നേതൃത്വം നൽകും. വതിരുക്കർമങ്ങൾക്കും കുരിശിന്റെ വഴിയ്ക്കും വികാരി ഫാ.ജോസഫ് തടത്തിൽ, പാസ്റ്ററൽ അസി. ഫാ.ജോസഫ് ആലഞ്ചേരിൽ, സഹവികാരിമാരായ ഫാ.സ്കറിയ മേനാംപറമ്പിൽ, ഫാ.ആൻ്റണി നങ്ങാപറമ്പിൽ കൈക്കാരന്മാരായ ജോമോൻ വേലി ക്കകത്ത്, പ്രൊഫ.തങ്കച്ചൻ മാത്യു, മാണി കുന്നം കോട്ട്, ടോം ഞാവള്ളി തെക്കേൽ കൺവീനർമാരായ രാജേഷ് പാറയിൽ, ലിജോ ആനിത്തോട്ടം എന്നിവർ നേതൃത്വം നല്‍കും.

പത്രസമ്മേളനത്തിൽ വികാരി.ഫാ ജോസഫ് തടത്തിൽ, പാസ്റ്ററൽ അസി.ഫാ.ജോസഫ് ആലഞ്ചേരിൽ, സഹവികാരി ഫാ.ആൻറണി നങ്ങാപറമ്പിൽ കൺവീനർമാരായ രാജേഷ് പാറയിൽ, ലിജോ ആനിത്തോട്ടം എന്നിവർ പങ്കെടുത്തു

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top