തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾക്കായി കൃഷി വകുപ്പിനെ ആശ്രയിക്കേണ്ടി വരുന്ന പൊതുജനങ്ങൾക്ക് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും മാന്യമായ പെരുമാറ്റവും പരിഗണനയും ഉറപ്പുവരുത്തുന്നതിന് കൃഷിവകുപ്പ് പ്രത്യേക സർക്കുലർ പുറപ്പെടുവിച്ചു.

പൊതുജനങ്ങൾക്ക് അവർ ബന്ധപ്പെടുന്ന കാർഷിക സംബന്ധമായ വിഷയങ്ങളിൽ പൊതു സേവകൻ എന്ന നിലയിൽ മാന്യമായ പരിഗണന നൽകേണ്ടതും സമയബന്ധിതമായി അവരുടെ ആവശ്യങ്ങളിൽ തീർപ്പ് കൽപ്പിക്കുന്നതും ജീവനക്കാരന്റെ കടമയാണെന്ന് സർക്കുലറിൽ സൂചിപ്പിക്കുന്നു.

കൃഷിവകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിൽ സമർപ്പിച്ച അപേക്ഷകളുടെയും പരാതികളുടെയും നിലവിലെ സ്ഥിതി ആരാഞ്ഞുകൊണ്ട് ഫോൺ മുഖാന്തിരവും നേരിട്ടും ബന്ധപ്പെടുന്ന പൊതു ജനങ്ങളോട് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് മാന്യമല്ലാത്ത പെരുമാറ്റം അപൂർവമായി ഉണ്ടാകുന്നു എന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കൃഷി വകുപ്പ മന്ത്രി പി. പ്രസാദിന്റെ നിർദ്ദേശപ്രകാരമാണ് ഇത്തരത്തിൽ സർക്കുലർ പുറപ്പെടുവിച്ചത്.

