കോട്ടയം: കുടയമ്പടിയിൽ ക്രിമിനൽ സംഘം യുവാക്കളെ വളഞ്ഞിട്ട് തല്ലിചതച്ചു. മദ്യപിച്ചെത്തിയ സംഘം രണ്ട് യുവാക്കളെ ക്രൂരമായി മർദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ചിറ്റക്കാട്ട് കോളനി കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരുന്ന ലഹരിസംഘമാണ് അക്രമണത്തിന് പിന്നിലെന്ന് പരാതി.

ഈ മാസം 20ന് രാത്രിയാണ് സംഭവം. മദ്യ ലഹരിയിൽ കുടയംപടിയിലെ കടയിൽ എത്തിയ സംഘമാണ് യുവാക്കളെ തല്ലി ചതച്ചത്. മദ്യപാന സംഘവുമായി സംസാരിക്കാതെ വേഗത്തിൽ പോയതിൻ്റെ പേരിലായിരുന്നു യുവാക്കളെ മർദ്ദിച്ചത്. തലയ്ക്കും, മുഖത്തിനുമാണ് രണ്ടംഗ യുവാക്കൾക്ക് പരുക്കേറ്റത്.

സംഭവത്തിൽ അയ്മനം ചിറ്റക്കാട്ട് കോളനി ഭാഗത്ത് താമസിക്കുന്ന ക്രിമിനൽ സംഘത്തിൽ പെട്ട അനീഷ്, രാഹുൽ, അനന്ദു സി ആർ, കണ്ണപ്പൻ തുടങ്ങി കണ്ടാലറിയാവുന്ന 8 പേർക്കെതിരെ കോട്ടയം വെസ്റ്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഇതിൽ അനന്തകൃഷ്ണന്റെ സ്വർണമാലയും ക്രിമിനൽ സംഘം തട്ടിയെടുത്തന്നാണ് കേസ്. ഗുണ്ടാസംഘം നിലവിൽ ഒളിവിലാണ്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം പൊലീസ് ഊർജിതമാക്കിയിട്ടുണ്ട്.

