കൊച്ചി: ദേശീയപാത തകർന്നത് മണ്ണിൻ്റെ കുഴപ്പം കൊണ്ടെന്ന് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം. ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിലാണ് ദേശീയപാത അതോറിറ്റിയുടെ വിശദീകരണം.

ദൃഡതയില്ലാത്ത മണ്ണാണ് അടിസ്ഥാനമായി ഉപയോഗിച്ചതെന്നും സമീപത്ത് വെള്ളം കെട്ടിനിന്നത് മണ്ണിന്റെ ദൃഢത ഇല്ലാതാക്കിയെന്നും ഹൈക്കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ദേശീയപാത അതോറിറ്റി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നുണ്ട്.

ദേശീയപാത തകർന്നത് പ്രഥമദൃഷ്ട്യാ കരാറുകാരുടെ വീഴ്ചയെന്നും ദേശീയപാത അതോറിറ്റി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ കരാറുകളിൽ നിന്നും നിലവിലെ കരാറുകളിൽ നിന്നും കമ്പനിയെ വിലക്കിയിട്ടുണ്ടെന്ന് NHAI ഹൈക്കോടതിയെ അറിയിച്ചു. പ്രൊജക്ട് കൺസൾട്ടന്റിനെയും വിലക്കിയിട്ടുണ്ട്. പ്രശ്‌നം പരിഹരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചു. ഐഐടി ഡൽഹിയിൽ നിന്ന് വിരമിച്ച പ്രൊഫസർക്ക് മേൽനോട്ട ചുമതല നൽകിയെന്നും NHAI റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പ്രത്യേക മേൽനോട്ടത്തിൽ രണ്ടംഗ വിദഗ്ധ സമിതി അന്വേഷിച്ചുവെന്നും സമിതി പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിച്ചുവെന്നും NHAI കോടതിയെ അറിയിച്ചു. പുനർ നിർമ്മാണം പൂർത്തിയാക്കാൻ പ്രത്യേകം മാർഗ്ഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ടെന്നും ദേശീയപാത അതോറിറ്റി കോടതിയെ അറിയിച്ചു.

