കണ്ണൂർ: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലചിത്രം വ്യക്തമായതിന് പിന്നാലെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെതിരെ ‘റെഡ് ആർമി’ ഫേസ്ബുക്ക് പേജിൽ പരോക്ഷവിമർശനം.

‘നന്ദി ഉണ്ട് മാഷേ’ എന്നാണു എം വി ഗോവിന്ദനെ പേരെടുത്ത് പറയാതെ വിമർശിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് പോളിങ്ങിന്റെ അവസാന ദിനങ്ങളിൽ ഗോവിന്ദൻ നടത്തിയ ആർഎസ്എസ് പിന്തുണ പരാമർശത്തിലാണ് ‘റെഡ് ആർമി’യുടെ പരോക്ഷവിമർശനം. നേരത്തെ ‘പി ജെ ആർമി’ എന്ന് പേരുള്ള പേജായിരുന്നു റെഡ് ആർമി.

അടിയന്തരാവസ്ഥ കഴിഞ്ഞ ഘട്ടം വന്നപ്പോള്‍ ആര്‍എസ്എസുമായി ചേർന്ന് സഹകരിച്ചിരുന്നു എന്നായിരുന്നു എം വി ഗോവിന്ദന്റെ പരാമർശം. ഇത് വിവാദമായ പശ്ചാത്തലത്തില്‍ പറഞ്ഞതില്‍ വ്യക്തത വരുത്തി ഗോവിന്ദന്‍ തന്നെ രംഗത്തെത്തിയിരുന്നു. തന്റെ പരാമര്‍ശം വളച്ചൊടിച്ചതാണെന്നും സൂചിപ്പിച്ചത് അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യ ഒറ്റക്കെട്ടായി നീങ്ങിയ സാഹചര്യത്തിൽ ജനത പാർട്ടിയുമായി ചേർന്നതായിരുന്നു എന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു.
ആര്‍എസ്എസുമായി സിപിഐഎം രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ല. ഇനിയും ഉണ്ടാവില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞിരുന്നു. എം വി ഗോവിന്ദന്‍ തന്നെ വസ്തുതകള്‍ വിശദീകരിച്ചിട്ടുണ്ടെന്നും ആര്‍എസ്എസുമായി യോജിപ്പിന്റേതായ ഒരു മേഖലയും ഇല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.

