കൊച്ചി: കൊച്ചി പുറംകടലില്‍ അപകടത്തില്‍പ്പെട്ട ലൈബീരിയന്‍ കപ്പല്‍ കമ്പനിക്ക് അന്ത്യശാസനവുമായി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം. അവശിഷ്ടങ്ങള്‍ മാറ്റുന്ന നടപടിക്രമങ്ങളില്‍ എംഎസ്‌സി കമ്പനി ഗുരുതര വീഴ്ച വരുത്തിയതായി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം ചൂണ്ടിക്കാട്ടി. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതില്‍ കമ്പനി കാലതാമസം വരുത്തി. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം കമ്പനിക്ക് നോട്ടീസ് അയച്ചു.

കഴിഞ്ഞ മാസം 24നായിരുന്നു കൊച്ചി പുറംകടലില്‍ ലൈബീരിയന്‍ കപ്പലായ എംഎസ്‌സി എല്‍സ 3 അപകടത്തില്‍പ്പെട്ടത്. കപ്പല്‍ അപകടം ഇന്ത്യന്‍ തീരത്തെയും സമുദ്ര ആവാസ വ്യവസ്ഥയെയും കടുത്ത ആഘാതത്തിലാക്കിയതായി കേന്ദ്ര ഷിപ്പിങ് മന്ത്രാലയം പറഞ്ഞു. അപകടം കേരള തീരത്തെ ഇതിനകം ബാധിച്ചു.

മത്സ്യതൊഴിലാളികള്‍ക്ക് ജോലി നഷ്ടമായി. സാല്‍വേജ് നടപടിക്രമങ്ങള്‍ മെയ് 30 വരെ കമ്പനി വൈകിപ്പിച്ചെന്നും കേന്ദ്രം വ്യക്തമാക്കി. തുടക്കത്തിലെ കാലതാമസം വലിയ തിരിച്ചടിയുണ്ടാക്കിയെന്നും കേന്ദ്ര ഷിപ്പിങ് മന്ത്രാലയം ചൂണ്ടിക്കാട്ടി.

